tami

വെഞ്ഞാറമൂട്: ആശുപത്രിയിൽ നിന്ന് വൃദ്ധയുടെ മാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. മധുര സ്വദേശികളായ നന്ദിനി (37), ഗോപിക(39), മീര(39) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9ന് കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.

ഒ.പി ടിക്കറ്റെടുക്കാൻ നിന്നപ്പോഴാണ് പ്രതികളിലൊരാൾ പിന്നിൽ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ചത്. ഇത് സമീപത്ത് നിന്ന മറ്റൊരു സ്ത്രീ കണ്ടു. ഇവർ ബഹളംവച്ചതോടെ പൊട്ടിച്ചെടുത്ത മാല നിലത്തിട്ടശേഷം മോഷ്ടാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ ചേർന്ന് ഇവരെ പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിൽ രണ്ടുപേർ കൂടി ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരെയും ആശുപത്രി വളപ്പിൽ നിന്ന് അറസ്റ്ര് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.