report

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണ രേഖകൾ പുറത്ത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം പട്ടികജാതി വകുപ്പിലെ ആഭ്യന്തര ഓഡിറ്റ് വിഭാഗം 2017-2021 കാലഘട്ടത്തിലെ കണക്കുകൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

1.04 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന രീതിയിലാണ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെയാണ് ഓഡിറ്ര് വിഭാഗം സീനിയർ സൂപ്രണ്ട് ജി. ബാഹുലേയന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ അഞ്ച് കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.

പട്ടികജാതി വിഭാഗക്കാർക്കായുള്ള പഠനമുറി സഹായം, വിവാഹ ധനസഹായം, വെള്ളപ്പൊക്ക ധനസഹായം, ചികിത്സാ സഹായം എന്നിവയിലാണ് നഗരസഭയിൽ തട്ടിപ്പ് നടന്നത്. ഒരേ അക്കൗണ്ട് നമ്പരുള്ള നാല് പേർ, ഏഴ് പേർ എന്നിങ്ങനെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വിവിധ പദ്ധതി തുകകൾ അർഹതപ്പെട്ട അപേക്ഷകന് ലഭിക്കുന്നതിന് പകരം മറ്റ് അക്കൗണ്ടുകളിലേക്കാണ് പോയത്. അപേക്ഷകന്റെ പേര് കൃത്യമാണെങ്കിലും ബാങ്ക് വിവരവും അക്കൗണ്ട് നമ്പരും അയാളുടേതല്ലായിരുന്നു. അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്തെന്ന് സന്ദേശം വരാതിരിക്കാൻ തട്ടിപ്പ് നടത്തിയവർ അപേക്ഷകന്റെയല്ലാത്ത മൊബൈൽ നമ്പരും രേഖപ്പെടുത്തി. ഇങ്ങനെ അഞ്ച് കോടി രൂപ തട്ടിച്ചെന്നാണ് കണ്ടെത്തിയത്. തട്ടിച്ച തുകയുടെ കൃത്യമായ കണക്ക് കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ പുറത്ത് വരൂ.

റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

ആദ്യ ഓഡിറ്റ് അന്വേഷണത്തിൽ 1.04 കോടി രൂപ തട്ടിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഓഫീസിലെ സീനിയർ ക്ലാർക്ക് യു. രാഹുലിനെയുൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുതിയ റിപ്പോർട്ട് സർ‌ക്കാരിന് ഓഡിറ്റ് വിഭാഗം സമർപ്പിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു.നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്താണ് ഓഡിറ്റ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.