homw

കിളിമാനൂർ: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയ്ക്ക് സുരക്ഷയുടെ ചുവരുകൾ തീർക്കാൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും നഗരൂർ ജനമൈത്രി പൊലീസും പൊലീസ് അസോസിയേഷനും കൈകോർക്കുന്നു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ ചമ്പ്രാംകാട് പുത്തൻവിള വീട്ടിൽ ശാരദയ്ക്കാണ് (90) ജനപ്രതിനിധിയുടെയും നിയമപാലകരുടെയും കനിവിൽ സുരക്ഷയുള്ള വീടൊരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ശാരദയുടെ വീടിന്റെ പകുതിയിലധികം ഭാഗം തകർന്നുവീണു. മൺകട്ടയിൽ നിർമ്മിച്ച വീട്ടിൽ വർഷങ്ങളായി ശാരദ ഒറ്റയ്ക്കാണ് കഴിയുന്നത്.

സ്വന്തമായുള്ള പത്ത് സെന്റ് ഭൂമിയിൽ നിർമ്മിച്ച വീട്ടിൽ തന്നെ കഴിയണമെന്ന ആഗ്രഹത്താൽ മക്കളുടെ വീടുകളിലൊന്നും ഈ അമ്മ പോകില്ല. ഭക്ഷണവും മരുന്നും എല്ലാം വീടിനടുത്തുള്ള മകൾ കൃത്യമായി നൽകാറുണ്ട്. വീട് തകരുമ്പോൾ അത്ഭുതകരമായി വൃദ്ധ രക്ഷപ്പെട്ടെങ്കിലും ബാക്കിയുള്ള ഭാഗവും ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. നിർദ്ധനയായ വൃദ്ധയുടെ ദുരവസ്ഥ മനസിലാക്കിയ വാർഡംഗവും പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും നഗരൂർ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ കൃഷ്ണലാലിന്റെയും നേതൃത്വത്തിലാണ് ഭാഗികമായി തകർന്ന വീട് പുനഃനിർമ്മിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും വയോധികയെ സുരക്ഷിതമാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.