
പാലോട്: ചെങ്കോട്ട പാതയിൽ കുറുപുഴ ജംഗ്ഷനും അങ്കണവാടിക്കും മദ്ധ്യേ ഉണ്ടായിട്ടുന്ന വെള്ളകെട്ടിന് പരിഹാരമായി. ചെറിയ മഴയിൽ പോലും പ്രദേശത്തെ വീടുകളിൽ ഉൾപ്പടെ വെള്ളം കയറുന്ന നിലയിലായിരുന്നു. ഈ പ്രദേശത്തെ വെള്ളക്കെട്ടിനെ തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ പൊതുമരാമത്ത് റോഡിന്റെ ഒരു ഭാഗത്തെ ഓട വൃത്തിയാക്കിയിരുന്നു. എന്നിട്ടും വെള്ളകെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞില്ല. തുടർന്ന് മെമ്പർ ബീനാ രാജു നാട്ടുകാരുടെ സഹകരണത്തോടെ പ്രധാന കലുങ്കിലെ തടസ്സം നീക്കാനുള്ള ശ്രമം തുടങ്ങി. വെള്ളം ഒഴുക്കിനെ തടസ്സപ്പെടുത്തിയത് കൂറ്റൻ കരിങ്കൽ പാളിയാണ് എന്ന് മനസ്സിലാക്കി കരിങ്കല്ല് പുറത്തെടുക്കുകയായിരുന്നു. ഇതോടെ നീരൊഴുക്കിനുള്ള തടസം മാറി. വെള്ളക്കെട്ടും ഒഴിവായി. ചുള്ളിമാനൂർ മുതൽ പാലോട് വരെയുള്ള പ്രധാന റോഡിൽ നിരവധി വൻകുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. മഴക്കാലത്ത് നിരവധി വാഹനങ്ങളാണ് ഈ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നത്. ശബരി പാതയിൽ ഉൾപ്പെടുത്തി അടുത്തിടെ ടാറിംഗ് പൂർത്തിയാക്കിയ റോഡിനാണ് ഈ ദുർഗതി. റോഡിനോട് ചേർന്ന് ഉണ്ടായിരുന്ന കലുങ്കുകൾ അടച്ചതാണ് റോഡികളിലെ വെള്ളകെട്ടിന് കാരണമായത് എന്നാണ് നാട്ടുകാർ പറയുന്നത്.