
വിതുര: വീടിന് പിന്നിലെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് അകാലത്തിൽ പൊലിഞ്ഞ വിതുര, മേമല തേമല കെ.വി.എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി സാരംഗിന് (6) ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
വിതുര തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ പ്ലംമ്പിംഗ് തൊഴിലാളിയായ സുനിൽകുമാറിന്റെയും പ്രിയയുടെയും മകൻ സാരംഗ് സുനിലാണ് വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2 ഓടെ ഷോക്കേറ്റ് മരിച്ചത്.
ഇരട്ട സഹോദരൻ സൗരവുമൊത്ത് വീടിന് പിന്നിൽ കളിക്കുന്നതിനിടയിലാണ് എർത്തുകമ്പിയിൽ നിന്ന് സാരംഗിന് ഷോക്കേറ്റത്. തുടർന്ന് സൗരവ് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ വിവരമറിയിച്ചു. ഇവർ പുറത്തിറങ്ങിയപ്പോൾ സാരംഗ് എർത്ത് കമ്പിയുടെ മുകളിൽ വീണ് കിടക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ വീട്ടിൽകൊണ്ടുവന്നു.
തേമല സ്കൂളിൽ നിന്ന് സഹപാഠികളും, അദ്ധ്യാപകരും അടക്കം അനവധി പേർ സാരംഗിനെ അവസാനമായി ഒന്നുകാണാനെത്തി. മൃതദേഹം വൈകിട്ട് 3ഓടെ വിതുര ചന്തമുക്ക് സി.എസ്.ഐ സെമിത്തേരിയിൽ സംസ്കരിച്ചു.
സാരംഗിന്റെ മരണത്തിൽ അടൂർപ്രകാശ് എം.പി, ജി. സ്റ്റീഫൻ എം.എൽ.എ, ഡി.കെ. മുരളി എം.എൽ.എ, കെ.എസ്. ശബരിനാഥൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ. ഷൗക്കത്തലി, ബി.ആർ.എം ഷഫീർ എന്നിവർ അനുശോചിച്ചു.
സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. എർത്ത്കമ്പിയിൽ വൈദ്യുതി കടന്നുവരാനുണ്ടായ സാഹചര്യം കണ്ടെത്തുന്നതിനായി ഇന്നലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ സാരംഗിന്റെ വീട്ടിലെത്തി. വയറിംഗിലെ തകരാറുമൂലമാണ് ചുമരുകൾ നനഞ്ഞപ്പോൾ എർത്ത്കമ്പി വഴി വൈദ്യുതപ്രവാഹമുണ്ടായതെന്നാണ് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ പറയുന്നത്.