
തിരുവനന്തപുരം: മുസ്ലീംലീഗ് നേതാവിന്റെ വിവാദ പ്രസംഗം അപരിഷ്‌കൃതവും, കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് അപമാനവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിന്റെ സമാധാനാന്തരീക്ഷവും മതസൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രസംഗങ്ങൾ അത്യന്തം അപകടകരമാണ്. രണ്ടു പേരുടെ വിവാഹ ജീവിതം ദാമ്പത്യമല്ലെന്നും വ്യഭിചാരമാണെന്നുമുള്ള ലീഗിന്റെ അധിക്ഷേപം ,ലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്റെ പുറന്തള്ളലാണ് . മുസ്ലീംലീഗ് അത്രമേൽ ജമാഅത്തെ ഇസ്ലാമിവൽക്കരിക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ ആർ.എസ്.എസ് ആരംഭിച്ച വംശീയാധിക്ഷേപം മുസ്ലീംലീഗ് ഏറ്റെടുത്തിരിക്കുകയാണ്. നവോത്ഥാന നായകർ ഉഴുതുമറിച്ച മണ്ണിൽ ലീഗ് പേറുന്ന ജീർണ്ണിച്ച ചിന്തകൾ ചരിത്രം ചവറ്റുകുട്ടയിലെറിയും.
മന്ത്രി മുഹമ്മദ് റിയാസിനും, ട്രാൻസ്‌ജെൻഡർ സമൂഹത്തിനെതിരായ അതിരുകടന്ന അധിക്ഷേപം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. മദ്ധ്യകാലത്തെ പ്രാകൃത തലച്ചോറുമായി നടക്കുന്ന ലീഗ് നേതൃത്വം മനോവിഭ്രാന്തിയിലാണ്. നാവിന് ലൈസൻസില്ലെന്ന് കരുതി ആരെയും അധിക്ഷേപിക്കാമെന്ന ധാർഷ്ട്യം അംഗീകരിക്കാനാവില്ല. മുസ്ലീം സമൂഹത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ പക്ഷത്ത് നിൽക്കുന്നവരാണ്. ലീഗിന്റെ ഭാഗമായി നിൽക്കുന്നവർക്കിടയിൽപ്പോലും സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഉയരുന്നു. തങ്ങൾ വർഗീയ സംഘടന മാത്രമാണെന്ന പ്രഖ്യാപനം ലീഗിനെ മുസ്ലീം സമൂഹത്തിൽ കൂടുതൽ ഒറ്റപ്പെടുത്തും. ഇക്കാര്യത്തിൽ കോൺഗ്രസ് തുടരുന്ന മൗനവും ആപൽക്കരമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
 ലീഗിന്റേത് വർഗീയ ഭ്രാന്തന്മാരുടെ സമ്മേളനമായി: വി.കെ. സനോജ്
മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനം വർഗീയ ഭ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനമായി മാറിയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരായ ലീഗ് നേതാക്കളുടെ അധിക്ഷേപ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി മുഹമ്മദ് റിയാസിനെ ഏറ്റവും നീചവും നിന്ദ്യവുമായി പരിഹസിച്ചത് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയാണ്. ഇസ്ലാം മതത്തിൽ ജനിച്ച റിയാസ് ഹിന്ദുമതത്തിൽ ജനിച്ച വീണയെ വിവാഹം കഴിച്ചതാണ് ഇവരുടെ പ്രശ്നമെങ്കിൽ, അന്തരിച്ച ലീഗ് നേതാവ് ഇ. അഹമ്മദിന്റെ മകന്റെ വിവാഹത്തിലും ഇവർക്ക് ഈ നിലപാട് തന്നെയായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും സനോജ് പറഞ്ഞു.
 ലീഗിന്റെ പേര് വർഗീയ ലീഗ് എന്നാക്കണം: എ.ഐ.വൈ.എഫ്
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനെതിരായി കോഴിക്കോട്ട് സംഘടിപ്പിച്ച റാലിയിൽ മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ പ്രസ്താവന മതേതര കേരളത്തിന് അപമാനമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിന്റെ മിശ്രവിവാഹത്തെ വ്യഭിചാരമാണെന്ന് ആക്ഷേപിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്റെ അസഭ്യവർഷത്തെ വേദിയിലിരുന്ന ലീഗ് നേതാക്കൾ പ്രോത്സാഹിപ്പിച്ചതിലൂടെ ലീഗിന്റെ അഭിപ്രായമായി വേണം ഇതിനെ കാണാൻ. ഇത്രയും അപരിഷ്കൃതമായ വർഗീയപ്രസ്താവന നടത്തിയ മുസ്ലിം ലീഗിന്റെ പേര് മാറ്റി വർഗീയ ലീഗ് എന്നാക്കണം. ഈ വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ നിലപാട് വ്യക്തമാക്കണമെന്നും എ.ഐ.വൈ.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.