
കോവളം:ചുറ്രുവട്ടത്തുള്ള കുട്ടികളെപ്പോലെ തനിക്കും വൈദ്യുതി ബൾബിന്റെ വെളിച്ചത്തിൽ പഠിക്കണം. അതാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മഞ്ജുവിന്റെ ആഗ്രഹം.പക്ഷേ വിധി മഞ്ജുവിന് മങ്ങിയ ചിമ്മിനി വെളിച്ചമാണ് നൽകിയത്.മുട്ടയ്ക്കാട് ചാമവിള ആതിര ഭവനിൽ രത്നമ്മയുടെ ഏക മകളാണ് മഞ്ജു.
ജന്മനാ കാലുകൾക്ക് വൈകല്യമുള്ള രത്നമ്മയ്ക്ക് 5 മാസം മുമ്പ് പക്ഷാഘാതം കൂടി വന്നതോടെയാണ് ഇവരുടെ ജീവിതം താളംതെറ്റിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും പരസഹായമില്ലാതെ നടക്കാനോ ജോലികൾ ചെയ്യാനോ കഴിയാത്ത അവസ്ഥയാണ്. പാലിയേറ്റീവ് കെയറിന്റെ സഹായത്താലാണ് രത്നമ്മയ്ക്ക് തുടർചികിത്സയും മരുന്നും ലഭിക്കുന്നത്.
കൂലിപ്പണി ചെയ്ത് ഈ കുടുംബം പോറ്റിയിരുന്ന രത്നമ്മയുടെ ഭർത്താവ് തങ്കപ്പൻ 6 വർഷം മുമ്പാണ് മരിച്ചത്.വരുമാനമൊന്നുമില്ലാതെ ജീവിതമാർഗമാകെ നിലച്ചിരിക്കുകയാണ്.
അതിയന്നൂർ ബ്ലോക്കിൽ നിന്നും വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വഴി നിർമ്മിച്ചു നൽകിയ മൂന്ന് സെന്റ് ഭൂമിയിൽ ഒരു ചെറിയ വീട് മാത്രമാണ് സ്വന്തം.വൈദ്യുതി ബിൽ തുകയായ 200 രൂപ അടയ്ക്കാൻ കഴിയാത്തതിനാൽ ഒരുവർഷമായി വൈദ്യുതിയും ലഭിക്കുന്നില്ല.അധികൃതർ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്.നാളുകൾക്കുശേഷം പണമടയ്ക്കാൻ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെത്തിയെങ്കിലും ഫൈൻ ഉൾപ്പെടെ 3000 രൂപ അടച്ച് അപേക്ഷിച്ചാൽ മാത്രമേ വൈദ്യുതി കണക്ഷൻ നൽകുകയുള്ളുവെന്നാണ് കെ.എസ്.ഇ.ബി ഓഫീസ് അധികൃതർ പറയുന്നത്.കെ.എസ്.ഇ.ബിയുടെ നടപടിയെ തുടർന്ന് രാത്രി മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ശരിയായി പഠിക്കാൻ കഴിയാതെ വിഷമിക്കുകയാണ് മഞ്ജു.