vikram

വിക്രമിനെ നായകനാക്കി ഒരുക്കുന്ന ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം പുനരാരംഭിക്കാൻ സംവിധായകൻ ഗൗതം മേനോൻ ഒരുങ്ങുന്നു. 2017ൽ പ്രഖ്യാപിച്ച ചിത്രമാണ് ധ്രുവനച്ചത്തിരം. നാലുവർഷം മുൻപ് ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ ചിത്രം ഇതേവരെ റിലീസ് ചെയ്തിട്ടില്ല. 2019ൽ ചിത്രം റിലീസ് ചെയ്യുമെന്ന് ഗൗതം മേനോൻ അറിയിച്ചെങ്കിലും ഉണ്ടായില്ല. ധനുഷിനെ നായകനാക്കി ഗൗതം സംവിധാനം ചെയ്ത എനൈ നോക്കി പായും തോട്ട മൂന്നുവർഷത്തിനു ശേഷമാണ് റിലീസ് ചെയ്തത്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവന്റെ ചിത്രീകരണത്തിനുശേഷം ധ്രുവനച്ചത്തിരത്തിന്റെ ഡബ്ബിംഗിന് വിക്രമിനെ ഗൗതം മേനോൻ സമീപിച്ചെങ്കിലും ചിത്രീകരണം പൂർത്തിയാകട്ടെ എന്ന സമീപനമാണ് താരം സ്വീകരിച്ചത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. നാലുവർഷത്തിനിടെ വിക്രം കോബ്ര, പൊന്നിയൻ ശെൽവൻ, മഹാൻ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

ചിമ്പുവിനെ നായകനാക്കി വെന്തു തണിന്തത് കാട് പൂർത്തിയാക്കുന്ന ജോലികൾക്കുശേഷം ധ്രുവനച്ചിത്തരത്തിന്റെ ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനം. റിതുവർമ്മ, പാർത്ഥിപൻ, ഐശ്വര്യ രാജേഷ്, സിമ്രാൻ എന്നിവരാണ് മറ്റു താരങ്ങൾ. സി.ഐ.എ ഏജന്റായ ജോൺ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിക്രം അവതരിപ്പിക്കുന്നത്.