വർക്കല : വർക്കല ശ്രീകൃഷ്ണ നാട്യസംഗീത അക്കാഡമിയും എം.എസ്. സുബ്ബുലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എം.എസ്. സുബ്ബുലക്ഷ്മി സംഗീതോത്സവം 12 മുതൽ 16 വരെ ഓൺലൈനായി നടത്തുമെന്ന് അക്കാഡമി ഡയറക്ടർ ഡോ.എം. ജയപ്രകാശ്, സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ,ബി.ജോഷി ബാസു, ജി.അശോകൻ,പി.രവീന്ദ്രൻ നായർ,ആർ.സുലോചനൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എം.എസ്.സുബ്ബുലക്ഷ്മി സംഗീതോത്സവം 12ന് വൈകിട്ട് 5.30ന് മുൻ ചീഫ്സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. അക്കാഡമി ഡയറക്ടറും കേരളാ യൂണിവേഴ്സിറ്റി മുൻ കൊളീജിയേറ്റ് ഡയറക്ടറുമായ ഡോ.എം. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ, സിനിമാതാരം ആർ. സുബ്ബലക്ഷ്മി, ഏഷ്യാനെറ്റ് ന്യൂസ് റീഡർ രജനി വാര്യർ എന്നിവർ സംസാരിക്കും.അക്കാഡമി സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ സ്വാഗതവും നെയ്യാറ്റിൻകര ശിവസുതൻ മാസ്റ്റർ നന്ദിയും പറയും.എം.എസ്. സുബ്ബുലക്ഷ്മി നഗറിൽ ഓൺലൈനായി നടക്കുന്ന സംഗീതോത്സവത്തിൽ 12ന് കെ.ആനന്ദവർമ്മ അവതരിപ്പിക്കുന്ന കർണാടക സംഗീതക്കച്ചേരിയും 13-ന് ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാർസിംഗർ സോണിയാ ആമോദ് അവതരിപ്പിക്കുന്ന കർണാടക സംഗീതക്കച്ചേരിയും,14ന് ഗായകൻ അർജുൻ ബി.കൃഷ്ണയുടെ കർണാടക സംഗീതക്കച്ചേരിയും,15ന് എസ്.മഹാദേവൻ അവതരിപ്പിക്കുന്ന വീണക്കച്ചേരിയും, സമാപന ദിവസമായ 16ന് അബ്രിദിത മൈത്രി ബാനർജി അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതക്കച്ചേരിയും ഉണ്ടായിരിക്കും.ദിവസവും വൈകിട്ട് 6 മുതൽ 1 മണി വരെ യൂട്യൂബിലും ഫേസ്ബുക്കിലും ലൈവായി 5 ദിവസത്തെയും സംഗീതക്കച്ചേരികൾ കാണാൻ കഴിയുമെന്ന് ഭാരവാഹികൾ അറിയിച്ചു.