തിരുവനന്തപുരം:പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്, വനിതകൾക്കായി പേപ്പർ ബാഗ് നിർമ്മാണ തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും ഗ്രാമീണ സ്വയംതൊഴിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ പത്ത് ദിവസമായി നടന്ന ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വി.ശശി എം.എൽ.എ വിതരണം ചെയ്തു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 26 വനിതകൾക്കാണ് പരിശീലന ക്യാമ്പിൽ അവസരം ലഭിച്ചത്. ക്രാഫ്റ്റ് പേപ്പർ കൊണ്ടുള്ള ബോട്ടീക് ബാഗുകൾ, മെൻസ് വെയർ ബാഗുകൾ, കേക്ക് ബാഗുകൾ, മൊബൈൽ ബാഗുകൾ, ഓഫീസ് ഫയൽ, എൻവലപ്പ് എന്നിവയുടെ നിർമാണ പരിശീലനമാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നത്.പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ താത്പര്യമുള്ളവർക്ക് ലഭ്യമായ എല്ലാ സഹായവും നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഉറപ്പു നൽകി. 10 ദിവസത്തെ തൊഴിലുറപ്പ് വേതനവും ക്യാമ്പിൽ പങ്കെടുത്തവർക്ക് നൽകി. പോത്തൻകോട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.തൊഴിലുറപ്പ് പദ്ധതി നോഡൽ ഓഫീസർ അബുബക്കർകുഞ്ഞ്, ഗ്രാമീണ സ്വയംതൊഴിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രേംജീവൻ, പരിശീലകർ, വിവിധ ജനപ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ എന്നിവരും പങ്കെടുത്തു.