
ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ട് പത്ത് ദിവസങ്ങൾ പിന്നിടുന്നു. രോഗികൾ ദുരിതക്കയത്തിൽ. തിയേറ്റർ എന്നുമുതൽ പ്രവർത്തനമാരംഭിക്കും എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു.ജില്ലയിലെ ആദ്യത്തെ റഫറൽ ആശുപത്രിയും തീരദേശമേഖലയിലെ നിർദ്ധന കയർ - കാർഷിക - മത്സ്യത്തൊഴിലാളി മേഖലയിലുള്ളവരുടെ ആശ്രയവുമായ ഇവിടെ ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് എത്തുന്നത്.
മുൻകാലങ്ങളിൽ സമാനമായ രീതിയിൽ ഇവിടെ ഓപ്പറേഷൻ തിയേറ്റർ അടച്ചപ്പോൾ പകരം ഓപ്പറേഷൻ നടത്താനുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. നിലവിലെ ഒ.പി മന്ദിരത്തിന്റെ മുകളിലത്തെ നിലയിൽ പുതിയ ഓപ്പറേഷൻ തിയേറ്റർ ഒരുക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനം മാത്രം നാളിതുവരെയും ആരംഭിച്ചിട്ടില്ല. ഇതിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ പ്രയോജനകരമാവുമെന്ന് രോഗികൾ പറയുന്നു. ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതും രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
പ്രസവവും ഗോവിന്ദ
ഗൈനക്കിലും മറ്റുവിഭാഗങ്ങളിലും കൂടി പ്രതിമാസം ഇരുന്നൂറിലധികം ഓപ്പറേഷനാണ് നടന്നുകൊണ്ടിരുന്നത്. ഇപ്പോൾ ഡെലിവറി അടുക്കുന്നവരെ എസ്.എ.ടിയിലും തൈക്കാടുമൊക്കെയാണ് റഫർ ചെയ്യുന്നത്.
അടച്ചിടാൻ കാരണം
ഓപ്പറേഷൻ തിയേറ്ററിന് സമീപമുള്ള ഡോക്ടർമാരുടെ വിശ്രമമുറിയിലെ ചോർച്ച, ഈ ഭാഗത്തെ മേൽക്കൂരയിലെ ഷീറ്റുകൾ മാറ്റിഇടൽ, മുറി പെയിന്റ് അടിക്കൽ അടക്കമുള്ള നിർമ്മാണജോലികളുടെ ഭാഗമായാണ് ഓപ്പറേഷൻ തിയേറ്റർ അടച്ചത്. ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നെങ്കിൽ തിയേറ്റർ അടച്ചതിന്റെ പിറ്റേദിവസം മുതൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമായിരുന്നില്ലേ എന്നാണ് രോഗികൾ ചോദിക്കുന്നത്.
മുന്നറിയിപ്പില്ലാത്ത പൂട്ടൽ
ഡിസംബർ രണ്ട് മുതലാണ് മുന്നറിയിപ്പൊന്നുമില്ലാതെ തിയേറ്റർ അടച്ചുപൂട്ടിയത്. അടച്ചുപൂട്ടലിന്റെ അന്നും പിറ്റേന്നുമൊക്കെ ഓപ്പറേഷൻ തീരുമാനിച്ച് ആശുപത്രിയിൽ കഴിഞ്ഞ രോഗികൾ ഗത്യന്തരമില്ലാതെ ഡിസ്ചാർജ് വാങ്ങി പോയി. തിയേറ്റർ അടയ്ക്കുന്നുവെന്ന വിവരം പല ഡോക്ടർമാരും അറിഞ്ഞതുതന്നെ തലേദിവസമെന്നാണ് അറിവ്.