
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ തന്റെ കുഞ്ഞിനെ തന്നിൽ നിന്ന് അകറ്റിയവർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് മാതാവ് അനുപമ പറഞ്ഞു. മനുഷ്യാവകാശ ദിനത്തിൽ ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കടത്തിനെതിരെ നടന്ന സമരപ്രഖ്യാപന കൺവെൻഷനിൽ പങ്കെടുക്കുകയായിരുന്നു അവർ. കുഞ്ഞിനെ കിട്ടിയെങ്കിലും ഇതിന് കാരണക്കാരായവർക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. എല്ലാ സ്ഥലങ്ങളിലും പരാതി കൊടുത്തു. എവിടെ നിന്നും നീതി ലഭിച്ചില്ല. വനിതാ ശിശുവികസന ഡയറക്ടർ ടി.വി അനുപമ നൽകിയ റിപ്പോർട്ട് പുറത്ത് വിടണം. ഇത് ലഭിക്കാൻ അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചില്ലെന്നും അനുപമ പറഞ്ഞു. തനിക്കെതിരെ സൈബർ ഇടങ്ങളിൽ ആക്രമണം രൂക്ഷമാണെന്ന് അനുപമയുടെ ഭർത്താവ് അജിത്ത് പറഞ്ഞു.
മേധാ പട്കർ പങ്കെടുക്കും
ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് വൈ.എം.സി.എ ഹാളിൽ സാമൂഹ്യ പ്രവർത്തക മേധാ പട്കർ പങ്കെടുക്കുന്ന 'മേധ എയ്ഡനോടൊപ്പം' എന്ന പരിപാടി സംഘടിപ്പിക്കും. വരും ദിവസങ്ങളിൽ ശിശു വികസന വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഐക്യദാർഢ്യ സമിതി ഭാരവാഹി ഡോ.ജെ ദേവിക അറിയിച്ചു.