
വെഞ്ഞാറമൂട്: പേവിഷ ബാധയുള്ള തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. കൊഞ്ചിറ വടക്കേ വെങ്കിട്ടയിൽ വീട്ടിൽ മുഹമ്മദ് സഹദ്, കൊഞ്ചിറ വടക്കോട്ടുകോണത്ത് വീട്ടിൽ ദശമി, വടക്കോട്ടുകോണം സേതുമാധവത്തിൽ സന്തോഷ്, കൊഞ്ചിറവിളയിൽ വീട്ടിൽ സോമൻ നായർ എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4ന് കൊഞ്ചിറ സൊസൈറ്റി ജംഗ്ഷന് സമീപത്തായിരുന്നു ആക്രമണം. സഹദ്, ദശമി എന്നിവർക്ക് മുഖത്തും മറ്റ് രണ്ട് പേർക്ക് കാലിനുമാണ് കടിയേറ്റത്.
കടിയേറ്റവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നായയിൽ നിന്ന് ഇവരെ രക്ഷിച്ചത്. പരിക്കറ്റവരെ നാട്ടുകാർ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊഞ്ചിറ ജംഗ്ഷനിലും സമീപത്തുമായി തെരുവ് നായ ശല്യം വർദ്ധിച്ചതോടെ നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടികളൊന്നും ഉണ്ടായില്ലെന്ന് അവർ പരാതിപ്പെടുന്നു.