
നാഗർകോവിൽ: കാർത്തിക മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച വേളിമല കുമാരസ്വാമിക്ക് അഭിഷേകദ്രവ്യങ്ങളുമായി എത്തിയ നേർച്ചക്കാവടികൾ തക്കലയും പരിസരവും ഭക്തിസാന്ദ്രമാക്കി. പറക്കുംകാവടി, പുഷ്പക്കാവടി, സൂര്യക്കാവടി, സർപ്പക്കാവടി, മയിൽക്കാവടി, വേൽക്കാവടി, മയിൽക്കാവടി തുടങ്ങിയ കാവടികളാണ് ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിയത്. പാൽക്കാവടിയുമായി കാൽനടയായും ഭക്തരെത്തി. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മുതൽ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. ഉച്ചയോടെ പൊലീസ് പൊതുമരാമത്ത് വകുപ്പുകളുടെ കാവടികൾ കൂടി എത്തിയതോടെ അഭിഷേക ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് വരെ അഭിഷേകം തുടർന്നു. രാത്രി പ്രത്യേക പൂജയും നടന്നു.
കാവടിയേന്തി പൊലീസുകാരും പി.ഡബ്ല്യു.ഡി
ഉദ്യോഗസ്ഥരും കുമാരകോവിലിൽ
നാഗർകോവിൽ: തിരുവിതാംകൂർ രാജഭരണകാലം മുതൽക്കേ തുടരുന്ന ആചാരങ്ങളുടെ ഭാഗമായി തക്കലയിൽ നിന്ന് കാവടിയേന്തി പൊലീസ് ഉദ്യോഗസ്ഥരും, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും കുമാരകോവിലിലെത്തി. കുറ്റകൃത്യങ്ങൾ കുറഞ്ഞ് ജനങ്ങൾ സമാധാനമായി ജീവിക്കാൻ വേണ്ടിയാണ് പൊലീസുകാർ വ്രതമെടുത്ത് കാവടിയേന്തി ഘോഷയാത്രയോടുകൂടി കുമാരകോവിൽ മുരുകൻ ക്ഷേത്ര സന്നിധിയിലേക്ക് പോകുന്നത്.
ഇന്നലെ രാവിലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തക്കല പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരും, പദ്മനാഭപുരം പി.ഡബ്ല്യു.ഡി ഓഫീസിൽ നിന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുമാണ് യാത്ര തിരിച്ചത്. രാവിലെ തക്കല പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പത്മനാഭപുരം കോടതി ജഡ്‌ജ് ദീനാ ദയാലൻ, തക്കല ഡി.എസ്.പി ഗണേശൻ എന്നിവർ പങ്കെടുത്തു.