ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ മന്ത്രദൃഷ്ടാവായ ഋഷിവര്യനായിരുന്നുവെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഹോമ മന്ത്രത്തിന്റെ രചനയാണ് ഗുരുദേവനെ ഈ മഹത്വത്തിനുടമയാക്കിയതെന്നും ശിവഗിരിമ ഠത്തിലെ പ്രതിമാസ ചതയ നക്ഷത്രപൂജയോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
വേദവ്യാസനു ശേഷം പ്രാചീനരും ആധുനികരുമായ നിരവധി സന്യാസിവര്യന്മാരുണ്ടായെങ്കിലും സ്വന്തമായി വേദഭാഷയിൽ ഒരു മന്ത്രം സൃഷ്ടിച്ചത് ശ്രീനാരായണഗുരുദേവനാണ്. നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും സംഘടനകളും സ്ഥാപിച്ച മഹാഗുരുവിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഹോമമന്ത്രം. ഹോമന്ത്റത്തിന്റെ രചനയിലും ഗുരുദർശനത്തിന്റെ മൗലികത സ്പഷ്ടമാണ്. സാധാരണ ഹോമമന്ത്രങ്ങൾ കർമ്മസപര്യയെയാണ് വിധിക്കുന്നത്. എന്നാൽ മഹാവേദാന്തിയായ ഗുരുദേവൻ കർമ്മം ജ്ഞാന മീമാംസയിലേക്കുളള പാതയാക്കി ഹോമമന്ത്രത്തിലൂടെ വെളിപ്പെടുത്തുന്നു. ഗുരുദേവൻ രചിച്ച ഹോമമന്ത്രം ജപിച്ച് ശാന്തിഹോമം ഭക്തജനങ്ങൾക്ക് സ്വയം നടത്താനാണ് മാസം തോറും ചതയദിനത്തിൽ ശിവഗിരിയിലെ പർണ്ണശാലയിൽ സൗകര്യമൊരുക്കിയിട്ടുളളതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരിമഠം തന്ത്രി ശ്രീനാരായണപ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ശാന്തിഹവന യജ്ഞത്തിൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിശേഷാൽ ഗുരുപൂജയും അന്നദാന പ്രസാദ വിതരണവും നടന്നു.