
തിരുവനന്തപുരം: ശമ്പളവർദ്ധന മൂലമുണ്ടാകുന്ന അധിക ബാദ്ധ്യത മറികടക്കാൻ കെ.എസ്.ആർ.ടി.സി പുതുവർഷത്തിൽ 6000 ബസുകൾ നിരത്തിലിറക്കും. 5,500 ബസുകൾ സർവീസിനിറക്കിയാൽത്തന്നെ കളക്ഷൻ 7 കോടിയിലെത്തുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.
നിലവിൽ 3500 - 3600 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിലൂടെ പ്രതിദിന കളക്ഷൻ ശരാശരി അഞ്ച് കോടിയായത് ശുഭസൂചനയായും മാനേജ്മെന്റ് കാണുന്നു. വരുമാനം കൂടിയാൽ സർക്കാരിന് മുന്നിൽ ശമ്പളത്തിന് കൈനീട്ടേണ്ട അവസ്ഥ അവസാനിപ്പിക്കാം. കൂടുതൽ ബസുകൾ സർവീസിനിറക്കിയാൽ വരുമാനം കൂട്ടാൻ കഴിയുമെന്നാണ് ശമ്പള പരിഷ്കരണ ചർച്ചയിൽ തൊഴിലാളി സംഘടനാ നേതാക്കളും ചൂണ്ടിക്കാണിച്ചത്.
250 ബസുകൾ വാടകയ്ക്ക്
ഡ്രൈ ലീസ് വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ ടെൻഡർ വിളിച്ചിട്ടുണ്ട്. 250 ബസുകൾ അടുത്ത മാസം മുതൽ നിരത്തിലിറങ്ങും. ആദ്യഘട്ടത്തിൽ ലാഭമുണ്ടായാൽ കൂടുതൽ ബസുകൾ ഈ വ്യവസ്ഥയിൽ നിരത്തിലിറക്കും.
ഡ്രൈ ലീസ്
ഡ്രൈവറോ മറ്റ് ജീവനക്കാരോ ഇല്ലാതെ ബസ് മാത്രമായി വാടകയ്ക്ക് എടുക്കുന്ന വ്യവസ്ഥയാണ് ഡ്രൈ ലീസ്. ആദ്യ സൂപ്പർ ക്ലാസ് സർവീസുകൾക്കും തുടർന്ന് പുതിയതായി ആരംഭിക്കുന്ന ഗ്രാമവണ്ടിക്കുമായി ഡ്രൈ ലീസ് വ്യവസ്ഥയിൽ ബസുകൾ ലഭ്യമാക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവറും കണ്ടക്ടറുമായിരിക്കും ബസ്സിൽ ഉണ്ടായിരിക്കുക. ഇന്ധനച്ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും. അറ്റകുറ്റപ്പണി, ടയർ, ഇൻഷ്വറൻസ് തുടങ്ങിയവ ഉടമകളുടെ ഉത്തരവാദിത്വമാണ്. സ്റ്റേജ് കാരിയേജ് പെർമിറ്റ് കെ.എസ്.ആർ.ടി.സി എടുക്കും. 3 വർഷത്തേക്കാണ് കരാർ. എന്നാൽ, വാടകവണ്ടികളെടുക്കുന്നത് അഴിമതിക്കു വേണ്ടിയാണെന്നാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ ആരോപണം.
ആദ്യഘട്ടത്തിലെ ബസുകൾ
പ്രീമിയം ക്ലാസ് ലക്ഷ്വറി എ.സി- 10
എ.സി സെമി സ്ലീപ്പർ- 20
നോൺ എ.സി എയർ സസ്പെൻഷൻ- 20
നോൺ എ.സി മിഡി ബസ് (ഫ്രണ്ട് എൻജിൻ)- 100
നോൺ എ.സി മിഡി ബസ്- 100
ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതോടെ പ്രതിമാസം 103 കോടി രൂപ ശമ്പളത്തിന് വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. 26,000 ജീവനക്കാരാണുള്ളത്. അധികം വേണ്ടിവരുന്നത് 18 കോടിയെന്നാണ് ധനവകുപ്പിന് നൽകിയ റിപ്പോർട്ടിലുള്ളത്.
അതേസമയം, കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. പുറമെ ബാങ്ക് കൺസോർഷ്യത്തിന് തിരിച്ചടവിനത്തിൽ 14 കോടി നൽകേണ്ടി വന്നു. സർക്കാർ സഹായം ഏതാനും മാസങ്ങൾ കൂടി തുടർന്നാലേ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം
നൽകാനാവൂ.