തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ജോലിക്ക് ഹാജരാകാൻ കഴിയാതിരുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരിയായ സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റൻഡന്റിന്റെ തടഞ്ഞുവച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ ഭിന്നശേഷി കമ്മിഷണ‍ർ എസ്.എച്ച്.പഞ്ചാപകേശൻ ഉത്തരവിട്ടു.വിതുര കല്ലാർ റോഡരികത്ത് വീട്ടിൽ ജി.ഭാരതിയുടെ രണ്ടരവർഷത്തെ ശമ്പളവും ആനുകൂല്യങ്ങളും ഒരു മാസത്തിനകം നൽകാനാണ് കമ്മിഷണർ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിച്ചത്.ഭാരതിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാനും റിട്ടയർമെന്റ് തീയതി വരെയുള്ള ഭാവി ശമ്പളാനുകൂല്യങ്ങൾ മുടക്കം കൂടാതെ നൽകാനും കമ്മിഷണർ നിർദ്ദേശിച്ചു.സെക്രട്ടേറിയറ്റിൽ റെക്കാഡ് സെക്ഷനിൽ ഓഫീസ് അറ്റൻഡന്റായ ഭാരതിക്ക് അസുഖം ബാധിച്ച് ശരീരത്തിന്റെ ഇടതുവശം തളർന്നതിനാൽ ജോലിക്ക് പോകാനായില്ല. തുടർന്ന് തനിക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാരതി പരാതിയുമായി കമ്മിഷനെ സമീപിക്കുകയായിരുന്നു.