മന്ത്രി ചർച്ചയ്ക്ക് വിളിയ്ക്കണമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം : അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള സമരവുമായി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി ഡോക്ടർമാർ മുന്നോട്ട്. സമരത്തിന്റെ ആദ്യദിനമായ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സതേടിയെത്തിയവർ വലഞ്ഞു. അത്യാഹിതവിഭാഗങ്ങളിലെത്തിയവർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നു. നോൺ അക്കാഡമിക് ജൂനിയർ റെസിഡന്റ് (എൻ.എ.ജെ.ആർ) നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും സ്റ്റൈപ്പന്റിൽ നാല് ശതമാനം വർദ്ധനവ് അനുവദിക്കുന്നതിലും പി.ജി പ്രവേശനം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിന് കത്ത് നൽകുന്നതിലും തീരുമാനമാകണമെന്നും ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്നുമാണ് പി.ജി ഡോക്ടർമാരുടെ ആവശ്യം. അതേസമയം സർക്കാരിന് അനുഭാവപൂർണമായ സമീപനമാണുള്ളതെന്നും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരം മെഡിക്കൽ പിജി വിദ്യാർത്ഥികൾ അവസാനിപ്പിക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനങ്ങൾ ദുരിതത്തിലാകാതിരിക്കാനാണ് ചരിത്രത്തിലാദ്യമായി എൻ.എ.ജെ.ആർ.മാരെ നിയമിച്ചത്. സ്‌റ്റൈപെൻഡ് ഉയർത്തുന്നതിന് ധനവകുപ്പിനോട് ആവശ്യപ്പെട്ടുണ്ട്. ഒന്നാം വർഷ പി.ജി പ്രവേശനം നേരത്തെ നടത്തുക എന്നത് സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണെന്നും ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. അത്യാഹിത വിഭാഗങ്ങളിലെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അസി. പ്രൊഫസർമാർ, അസോ. പ്രൊഫസർമാർ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ അധിക സേവനം അതത് മെഡിക്കൽ കോളേജുകൾ ഉറപ്പ് വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുറത്താക്കാൻ പറഞ്ഞിട്ടില്ല

പിജി ഡോക്ടർമാരോട് ഹോസ്റ്റൽ ഒഴിയണമെന്ന് സർക്കാർ നിർദേശിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ പ്രിൻസിപ്പൽമാരുമായി സംസാരിച്ചു. ഇത്തരം നടപടികൾ പാടില്ലെന്നും സർക്കുലർ പുറപ്പെടുവിച്ചെങ്കിൽ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഈമാസം ആറ്, ഏഴ് തീയതികളിൽ പിജി ഡോക്ടർമാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി. ചർച്ചയിൽ പ്രതിനിധികൾ സംതൃപ്തരായിരുന്നു. അവർ സമരം അവസാനിപ്പിക്കാനും തയാറായി. എന്നാൽ ഇപ്പോഴത്തെ സമരത്തിനായി നോട്ടീസ് നൽകിയത് ആദ്യം വന്ന പ്രതിനിധികൾ ആയിരുന്നില്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ല മന്ത്രി കൂട്ടിച്ചേർത്തു.