
നെടുമങ്ങാട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യു.എൻ ആഹ്വാനം ചെയ്ത വേൾഡ് ഓറഞ്ച് കാമ്പെയിന്റെ ഭാഗമായി നെടുമങ്ങാട്ട് ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. കേരള സർക്കാർ വനിതാ ശിശുവികസന വകുപ്പും നെടുമങ്ങാട് നഗരസഭ ഐ.സി.ഡി.എസും സംയുക്തമായാണ് ഇരുചക്ര വാഹനറാലി സംഘടിപ്പിച്ചത്. റാലിയുടെ ഫ്ലാഗ് ഒഫ് നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ നിർവഹിച്ചു.
കുട്ടികളിലും സ്ത്രീകളിലും ബോധവത്കരണ സന്ദേശമെത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നെടുമങ്ങാട് സത്രംമുക്കിൽ നിന്ന് ആരംഭിച്ച റാലി കുളവിക്കോണം, മാർക്കറ്റ് ജംഗ്ഷൻ, കച്ചേരി ജംഗ്ഷൻ എന്നിവിടങ്ങൾ സഞ്ചരിച്ച് നെടുമങ്ങാട് നഗരസഭ കാര്യാലയത്തിന് മുന്നിൽ സമാപിച്ചു. സി.ഡി.പി.ഒ സ്വാഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബി. സതീശൻ, വസന്തകുമാരി, അജിതകുമാരി, കൗൺസിലർ എം.എസ്. ബിനു തുടങ്ങിയവർ പങ്കെടുത്തു.