police

കഴക്കൂട്ടം: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് റോഡിൽ കിടന്ന യാചകന് പൊലീസ് തുണയായി. ദേശീയപാതയിൽ കണിയാപുരത്തിനടുത്ത് കടത്തിണ്ണയിൽ ഉറങ്ങിയശേഷം റോഡിലേക്ക് ഇറങ്ങിയ സേലം സ്വദേശി യുവരാജനെയാണ് (75)​ ഇന്നലെ പുലർച്ചെ 5ന് അജ്ഞാത വാഹനമിടിച്ചത്.

ബോധരഹിതനായി റോഡിൽ കിടന്ന​ ഇയാളെ ഇതുവഴി വന്ന ഹൈവേ പട്രോൾ എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ ദീപു, അഭിലാഷ് എന്നിവർ ചേർന്ന് 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

അപകട സമയത്ത് യാചകനിൽ നിന്ന് റോഡിലേക്ക് ചിതറിയ നോട്ടുകെട്ടുകൾ കണ്ട് നാട്ടുകാർ അമ്പരന്നു. ഭാണ്ഡക്കെട്ടിൽ സൂക്ഷിച്ചിരുന്ന 46000ത്തോളം രൂപയാണ് റോഡിലേക്ക് വീണത്. പൊലീസ് ഒരു മണിക്കൂറോളം സമയമെടുത്താണ് ഇത് എണ്ണിതിട്ടപ്പെടുത്തിയത്. ഇതിൽ 9000 രൂപ ആശുപത്രി ചെലവിനായി കൊടുത്തുവിടുകയും ബാക്കി മംഗലപുരം പൊലീസ് സ്റ്രേഷനിൽ സൂക്ഷിക്കുകയും ചെയ്തു.