deepak

തിരുവനന്തപുരം: ബംഗ്ളാദേശിൽ നിന്നുള്ള കള്ളനോട്ട് വിതരണസംഘത്തിലെ കണ്ണിയായ പശ്ചിമ ബംഗാൾ സ്വദേശിയെ യു.പി പൊലീസ് തിരുവനന്തപുരത്ത് നിന്ന് പിടികൂടി. പടിഞ്ഞാറേക്കോട്ടയിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ താമസിച്ചുവന്ന ദീപക് മണ്ഡലിനെയാണ് (37) ഫോർട്ട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഒരുവർഷം മുമ്പ് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത കള്ളനോട്ട് കേസിലെ നാലാം പ്രതിയാണ് ഇയാൾ.

സംഘത്തിലുൾപ്പെട്ട മൂന്നുപേരെ യു.പി പൊലീസ് പിടികൂടിയതോടെ ദീപക് മണ്ഡൽ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തിരുവനന്തപുരത്തെത്തിയ ഇയാൾ ഫോർട്ടിൽ അന്യസംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്യുന്ന ലേബർ കോൺട്രാക്ടറെ സമീപിച്ച് ജോലി അഭ്യർത്ഥിച്ചു. തുടർന്ന് വട്ടിയൂർക്കാവ് സ്വദേശിയായ പ്ളംബിംഗ് കരാറുകാരന്റെ സഹായിയാക്കി.

ആറുമാസത്തിലേറെയായി ഇവിടെ ജോലി ചെയ്തുവന്ന ഇയാളുടെ നാട്ടിലേക്കുള്ള മൊബൈൽ ഫോൺ വിളി കേന്ദ്രീകരിച്ച് സൈബർ പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരത്തുള്ളതായി തിരിച്ചറിഞ്ഞു. തുടർന്ന് രണ്ട് എസ്.ഐമാരുടെ നേതൃത്വത്തിൽ നാലംഗ സംഘമെത്തി. ഫോർട്ട് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ ദീപക് മണ്ഡലിനെ പിടികൂടി യു.പി പൊലീസിന് കൈമാറി. വിമാനമാർഗം യു.പിയിലേക്ക് കൊണ്ടുപോയി.