train

കൊവിഡ് കാലത്ത് ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് റെയിൽവേ. ജനറൽ കമ്പാർട്ടുമെന്റുകളും പാസ് യാത്രയും ഒഴിവാക്കി. സ്ളീപ്പർ ക്ളാസുകൾ ബുക്ക് ചെയ്ത് മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഗുഡ്‌സ് സർവീസുകളുടെ എണ്ണം കൂട്ടിയതിനാൽ ആ നിലയിലും ലാഭം കൈവന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ റെയിൽവേ ജനറൽ കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിച്ച് വീണ്ടും പാസഞ്ചർ വണ്ടികൾ ഓടിക്കാൻ തുടങ്ങിയത് യാത്രക്കാർക്ക് നൽകിയ ആശ്വാസം ചെറുതല്ല. എന്നാൽ കൊവിഡ് കാലത്ത് നിറുത്തിവച്ച മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവ് റെയിൽവേ പ്രത്യേക അറിയിപ്പൊന്നും നല്‌കാതെ നിറുത്തുകയാണ് ചെയ്തത്. ഭിന്നശേഷിക്കാർക്കും ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും മാത്രമാണ് ഇപ്പോൾ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങാനുള്ള ശേഷിയൊന്നും മുതിർന്ന പൗരന്മാർക്കില്ല. അതിനാൽ റെയിൽവേയ്ക്ക് ഒരു പുനർചിന്ത ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്.

അറുപത് വയസ് കഴിഞ്ഞവർക്ക് ചില സൗജന്യങ്ങൾ നല്‌കേണ്ടത് ഭരണകർത്താക്കളുടെ ബാദ്ധ്യതയാണ്. വികസിത രാജ്യങ്ങളിൽ വരുമാനമില്ലാത്ത വൃദ്ധജനങ്ങളുടെ പരിപാലനം രാജ്യം തന്നെ ഏറ്റെടുക്കാറുണ്ട്. അത്രയൊന്നും ചെയ്തില്ലെങ്കിലും അനുവദിച്ചിരുന്ന സൗജന്യം പിൻവലിക്കാതിരിക്കാനുള്ള കരുണയെങ്കിലും റെയിൽവേ വകുപ്പ് കാണിക്കേണ്ടതായിരുന്നു.

കൊവിഡിന്റെ ആക്രമണത്തിന് ശേഷം ലോകമെമ്പാടും ജനങ്ങളുടെ മാനസികാവസ്ഥയിൽ തന്നെ വലിയ മാറ്റം സംഭവിച്ചു. ഇനി എത്രകാലം ഈ ഭൂമിയിൽ അധിവസിക്കാൻ പറ്റുമെന്നതിൽ ആർക്കും ഒരു നിശ്ചയവുമില്ല. അതിനാൽ വർത്തമാനകാല ജീവിതത്തിന്റെ മേന്മയിലും സൗഖ്യത്തിലുമാണ് എല്ലാവരും ശ്രദ്ധചെലുത്തുന്നത്. അങ്ങനെയൊരു ഘട്ടത്തിൽ റെയിൽവേ മുതിർന്ന പൗരന്മാർക്കുള്ള യാത്രാനിരക്കിലെ ഇളവ് മതിയാക്കിയത് തികച്ചും അനൗചിത്യമായ നടപടിയാണ്. 58 വയസ് കഴിഞ്ഞ സ്‌ത്രീകൾക്ക് നിരക്കിൽ 50 ശതമാനവും 60 കഴിഞ്ഞ പുരുഷന്മാർക്ക് 40 ശതമാനവുമാണ് റെയിൽവേ സൗജന്യം അനുവദിച്ചിരുന്നത്. രാജ്യത്തെ വൃദ്ധരിൽ 20 ശതമാനവും ഒരു വരുമാനവും ഇല്ലാത്തവരാണെന്ന് കൂടി കണക്കിലെടുത്താണ് റെയിൽവേ ഈ സൗജന്യം 2012 മുതൽ നടപ്പാക്കിയത്. ഇന്ത്യയിലെവിടെയും യാത്ര ചെയ്യാൻ മുതിർന്നവർക്കും അല്ലാത്തവർക്കും ആശ്രയിക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ മാർഗമാണ് ട്രെയിൻ. പുണ്യസ്ഥലങ്ങളൊക്കെ സന്ദർശിക്കാനാണ് പ്രധാനമായും മുതിർന്നവർ ഈ യാത്രാസൗജന്യം ഉപയോഗിച്ചുവന്നിരുന്നത്. അത് ഒഴിവാക്കിയതിന്റെ പേരിൽ റെയിൽവേ ലാഭകരമായി മാറാനൊന്നും പോകുന്നില്ല. മുതിർന്നവർക്ക് യാത്രാസൗജന്യം നല്‌കിയതിന്റെ പേരിലല്ല റെയിൽവേ നഷ്ടത്തിലായതും. അതിന്റെ കാരണങ്ങൾ മറ്റു പലതുമാണ്. അതൊക്കെ പരിഹരിക്കാതെ സൗജന്യങ്ങൾ വെട്ടിക്കുറയ്ക്കൽ എന്ന ഏറ്റവും എളുപ്പമാർഗം റെയിൽവേ സ്വീകരിച്ചത് പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം.

ഡൽഹിയിലെ ആം ആദ്‌മി സർക്കാർ ഒരു വീട്ടിലെ മുതിർന്ന ഗൃഹസ്ഥനും ഭാര്യയ്ക്കും അവരവരുടെ മതവിശ്വാസമനുസരിച്ച് തിരഞ്ഞെടുക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് വർഷത്തിലൊരിക്കൽ ട്രെയിൻയാത്ര നടത്താനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടിന് ഒരാളെക്കൂടി കൊണ്ടുപോകാം. ഇവർക്ക് യാത്രയും മറ്റ് മിനിമം ചെലവുകളും സൗജന്യമായിരിക്കും. ഇത്തരം പദ്ധതികൾ ആവിഷ്കരിക്കുന്നവരെ തിരഞ്ഞെടുപ്പ് സമയത്തും ജനം മറക്കില്ല. ദീർഘകാലം കഴിയുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. നിരവധി മുതിർന്ന പൗരന്മാർ പ്രയോജനപ്പെടുത്തിയിരുന്ന ഈ സൗജന്യം പുനസ്ഥാപിക്കാൻ രാഷ്ട്രീയ നേതൃത്വം ഉടൻ ഇടപെടണം.