arif

സർവകലാശാലകളുടെ സ്വയംഭരണത്തെ തകർക്കുന്ന വിനാശകരമായ രാഷ്ട്രീയ ഇടപെടലുകളെ നിശിതമായി വിമർശിച്ചും ഇനി ഇത്തരം കളികൾ അനുവദിക്കില്ലെന്ന അതിശക്തമായ മുന്നറിയിപ്പ് നൽകിയും സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന പദവി കേവലം റബർ സ്റ്റാമ്പുപോലെ വഹിക്കാൻ താനില്ലെന്ന സന്ദേശമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നല്‌കുന്നത്. രാഷ്ട്രീയക്കളി തുടർന്നാൽ സർവകലാശാലകളുടെ ചാൻസലറായിരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും ഒരു ഓർഡിനൻസിലൂടെ ചാൻസലറുടെ അധികാരം മുഖ്യമന്ത്രി ഏറ്റെടുക്കാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‌കിയതിനു പിന്നാലെ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് തുറന്നുപറഞ്ഞ് രാജ്യമാകെ ഇക്കാര്യം ചർച്ചയാക്കാനും ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞു. കേരളത്തിൽ ഒരു ഗവർണർ ഇത്തരമൊരു അസാധാരണ നടപടി സ്വീകരിക്കുന്നത് ആദ്യമായാണ്.

ഗവർണറെ നോക്കുകുത്തിയാക്കി സർവകലാശാലകളിൽ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നത് സർക്കാർ പതിവാക്കിയതാണ് അദ്ദേഹത്തെ ചൊടപ്പിച്ചത്. വൈസ്ചാൻസലർ മുതൽ അദ്ധ്യാപക തസ്തികകളിൽ വരെ സർക്കാരിന് താത്പര്യമുള്ളവരെ കുത്തിനിറച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്ര് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിശ്ചിത യോഗ്യതയില്ലാതിരുന്നിട്ടും അസോസിയേറ്റ് പ്രൊഫസറായി നിയമനത്തിന് കളമൊരുക്കിയതിന്റെ പ്രത്യുപകാരമെന്നോണം പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി പുനർനിയമനം നല്‌കി. അറുപത് കഴിഞ്ഞയാൾക്ക് നിയമനം പാടില്ലെന്ന സർവകലാശാലാ ചട്ടം മറികടന്ന് വി.സി നിയമനത്തിന് അനുമതി നല്‌കാൻ തനിക്കുമേൽ സർക്കാരിന്റെ കടുത്ത സമ്മർദ്ദമുണ്ടായിരുന്നെന്നും അങ്ങനെയൊരു തീരുമാനമെടുത്തതിൽ താൻ ദു:ഖിതനാണെന്നും ഗവർണർ തുറന്നുപറയുന്നു. നിയമവിരുദ്ധമായ ഒരു തീരുമാനവും ഇനി താൻ കൈക്കൊള്ളില്ലെന്ന് വ്യക്തമാക്കുന്നതിലൂടെ സർക്കാരിന്റെ രാഷ്ട്രീയക്കളികൾക്ക് ഇനി വഴങ്ങില്ലെന്ന സന്ദേശമാണ് ഗവർണർ നല്‌കുന്നത്.

അനാവശ്യ രാഷ്ട്രീയം സർവകലാശാലകളെ തകർക്കുന്നത് എങ്ങനെയാണെന്ന് ഗവർണർ ഉദാഹരണ സഹിതം വിശദീകരിക്കുന്നുണ്ട്. കലാമണ്ഡലം വി.സി ചാൻസലർക്കതിരെ ഹൈക്കോടതിയിൽ പോയി. സർക്കാർ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. ആറുമാസം വരെ പിൻവലിച്ചില്ല. എന്തുകൊണ്ടാണ് അയാളുടെ അച്ചടക്ക രാഹിത്യത്തിനെതിരെ നടപടിയെടുക്കാത്തത് ? അയാളുടെ രാഷ്ട്രീയ ബന്ധങ്ങൾ കാരണമാണോ? സർവകലാശാലാ സമിതികളിൽ രാഷ്ട്രീയ പ്രതിനിധികളും അക്കാഡമിക് വിദഗ്ദ്ധരല്ലാത്തവരും നിറയുന്നു. അക്കാഡമിക് തീരുമാനമെടുക്കുന്നത് അക്കാഡമീഷ്യന്മാരല്ല. രാഷ്ട്രീയ ചായ്‌വ് സർവകലാശാലകളിൽ അച്ചടക്കരാഹിത്യം ഉണ്ടാക്കുന്നു. നിയമസഭ ഈയിടെ സർവകലാശാലാ നിയമം ഭേദഗതി ചെയ്തു. യൂണിവേഴ്സിറ്റി അപ്പലേറ്ര് ട്രൈബ്യൂണലിനെ നിയമിക്കുന്നത് ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ചാൻസലറാണ്. ഇപ്പോൾ ചാൻസലർക്ക് നിയമനാധികാരമില്ല. ഹൈക്കോടതിയുമായും ആലോചിക്കാതെ സർക്കാരിന് സ്വയം തീരുമാനിക്കാം. ഒരു ജുഡീഷ്യൽ അധികാരം വിനിയോഗിക്കേണ്ട തസ്തികയിൽ നിങ്ങൾക്ക് എങ്ങനെയാണ് ഹൈക്കോടതിയെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് പറയാനാവുക? ഹൈക്കോടതിയുടെ ഉപദേശം തേടേണ്ടതില്ലെന്ന് എങ്ങനെ പറയാനാവും? ഇങ്ങനെ ആയാൽ സർക്കാരിന് എല്ലാ ട്രൈബ്യൂണലുകളെയും നിയമിക്കാനുള്ള പരമാധികാരമുണ്ടാവുമല്ലോ? ഇത്രയേറെ കടുപ്പമുള്ള വാക്കുകളാണ് സർക്കാരിനെതിരെ ഗവർണർ പ്രയോഗിച്ചത്.

പരമാധികാരി ഗവർണർ

സംസ്ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾക്ക് സമാനമാണ് ചാൻസലറെന്ന നിലയിൽ സർവകലാശാലകളിലെയും അധികാരം. സെനറ്റോ സിൻഡിക്കേറ്റോ വൈസ്ചാൻസലറോ എടുക്കുന്ന ഏത് തീരുമാനവും റദ്ദാക്കാനും ആരെയും സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാൻ പോലും ചാൻസലർക്ക് അധികാരമുണ്ട്. സർവകലാശാലകളിലെ പരമാധികാരി ഗവർണറാണ്. സുതാര്യത ഉറപ്പാക്കാനാണ് സംസ്ഥാന സർവകലാശാലകളിൽ ഇങ്ങനെയൊരു സംവിധാനം. ഗവർണർക്ക് വേണ്ടിയാണ് വി.സിമാർ ഭരണം നടത്തുന്നത്. വകുപ്പുമന്ത്രി സർവകലാശാലകളുടെ പ്രോ - ചാൻസലറാണെങ്കിലും യാതൊരു അധികാരവുമില്ല. ബിരുദദാന ചടങ്ങിൽ പങ്കെടുക്കാം. സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളുടെ ഭരണനിർവഹണത്തിൽ ഇടപെടാൻ പ്രോ-ചാൻസലർക്ക് അധികാരമില്ല. ശുപാർശകളോ നടപടികളോ പറ്റില്ല. ഇതൊന്നും ഇപ്പോൾ പാലിക്കപ്പെടാറില്ല. സർവകലാശാലകളുടെ ഭരണനിർവഹണ ഉത്തരവുകൾ പോലും വകുപ്പുകളാണ് പുറപ്പെടുവിക്കുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന് വിദഗ്ദ്ധർ പറയുന്നു. സിൻഡിക്കേറ്ര് തീരുമാനങ്ങൾ വി.സി ഒപ്പിട്ടാലേ പ്രാബല്യത്തിലാവൂ. എന്നാൽ വി.സിക്ക് എതിർപ്പുണ്ടെങ്കിൽ ചാൻസലർക്ക് അയയ്ക്കാം. ഒപ്പിടാതെ മാറ്റിവയ്ക്കാനും തിരിച്ചയയ്ക്കാനുമെല്ലാം ചാൻസലർക്ക് അധികാരമുണ്ട്. മാറ്റിവച്ചാൽ പിന്നെ ആ ഫയൽ പുറംലോകം കാണില്ല.

'ഞാനാണ് ഭരണത്തലവൻ'

പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാരുമായി ഇടഞ്ഞപ്പോൾ 2020 ജനുവരിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചത് ഇങ്ങനെയായിരുന്നു- 'സംസ്ഥാന ഭരണത്തലവൻ ഞാനാണ് ' ഭരണത്തലവനായ തന്നെ അറിയിക്കാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ തുറന്നടിച്ചു. താൻ റബർ സ്റ്റാമ്പല്ലെന്നും സർക്കാരിനെ ഓർമ്മിപ്പിച്ചു. സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെങ്കിലും പ്രോട്ടോക്കോളനുസരിച്ച് ഭരണത്തലവനായ തന്നെ അറിയിച്ചില്ല. അനുമതി വാങ്ങിയതുമില്ല. പത്രങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞത്. സർക്കാരിന്റെ വിവേചനാധികാരം അംഗീകരിക്കുന്നെങ്കിലും തന്നെ അറിയിക്കാതെ കോടതിയിൽ പോയത് ശരിയായില്ല. ചിലർ നിയമത്തിന് അതീതരാണന്ന് വിചാരിക്കുന്നു. താനുൾപ്പെടെ ആരും നിയമത്തിന് അതീതരല്ല. താൻ നിയമത്തിന് കീഴിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഭരണഘടനയും നിയമവും ആരും മറികടക്കരുത്. ഭരണഘടനയുടെ സ്പിരിറ്റ് ഉൾക്കൊണ്ടാണ് താൻ പ്രവർത്തിക്കുന്നത്- ഗവർണർ വ്യക്തമാക്കി.

വി.സിമാർ സമ്മർദ്ദത്തിന് വഴങ്ങരുത്

ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രീയ ഇടപെടലുകളോ സമ്മർദ്ദങ്ങളോ ഉണ്ടായാൽ വഴങ്ങരുതെന്നും ചാൻസലറായ തന്നെ വിവരം അറിയിക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തേ വൈസ് ചാൻസലർമാർക്ക് നിർദ്ദേശം നല്‌കിയിരുന്നതാണ്. സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനുള്ള ചുമതല വി.സിമാർക്കാണ്. മന്ത്രിയും മന്ത്രിയുടെ പ്രൈവ​റ്റ് സ്റ്റാഫംഗങ്ങളും സർവകലാശാലകളിലെ അദാലത്തുകളിൽ പങ്കെടുക്കുന്നത് ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഗവർണർ ഇത്തരം അദാലത്തുകൾ ഇനി പാടില്ലെന്നും നിർദ്ദേശിച്ചു. സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാനവും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സി​റ്റി കാമ്പെയിൻ കമ്മി​റ്റി നൽകിയ പരാതിയിൽ ഹിയറിംഗ് നടത്തിയപ്പോഴായിരുന്നു ഗവർണറുടെ നിർദ്ദേശം.

സമ്മർദ്ദപ്പെടുത്തി ഒപ്പിട്ടു വാങ്ങി

അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സഹിതം സർക്കാർ കടുത്ത സമ്മർദ്ദം ചെലുത്തിയപ്പോഴാണ്, താൻ തന്നെ നിയമിച്ച സെർച്ച് കമ്മിറ്റിയെ പിരിച്ചുവിട്ട് ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുനർനിയമനം നൽകിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായി വൈസ് ചാൻസലർക്ക് പുനർനിയമനം നല്‌കിയത് നിയമക്കുരുക്കിലാണിപ്പോൾ. പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ കൺവീനറായി ഗവർണർ നവംബർ ഒന്നിന് രൂപീകരിച്ച സെർച്ച് കമ്മിറ്രി നിരവധി അപേക്ഷകൾ സ്വീകരിച്ചിരിക്കുകയാണ്, നടപടികളെല്ലാം റദ്ദാക്കി വി.സിക്ക് പുനർനിയമനം നൽകിയത്. സർവകലാശാലകളുടെ ആക്ട് പ്രകാരം വൈസ് ചാൻസലർമാർക്ക് പുനർനിയമനം നല്‌കുന്നതിൽ തെറ്റില്ല. രണ്ട് ടേമിൽ കൂടുതൽ ആരെയും വി.സിയാക്കരുതെന്നു മാത്രം. എന്നാൽ അതിന് സെർച്ച് കമ്മിറ്റി ശുപാർശയുണ്ടാവണം. ഇവിടെ സെർച്ച് കമ്മിറ്റി രൂപീകരിച്ചതല്ലാതെ യോഗം ചേർന്നിട്ടില്ല.

സർവകലാശാലാ ചട്ടപ്രകാരം വി.സിയായി നിയമിക്കപ്പെടുമ്പോൾ അറുപത് വയസ് കഴിയാൻ പാടില്ല. 57വയസിൽ നിയമിതനായ ഡോ.ഗോപിനാഥ് രവീന്ദ്രന് ഇപ്പോൾ 61വയസുണ്ട്. ആദ്യ നിയമനത്തിന്റെ തുടർച്ചയായിരുന്നു പുതിയ നിയമനമെങ്കിൽ വയസ് ബാധകമാവില്ലായിരുന്നു. പുന‌‌ർനിയമനമായതിനാൽ പുതിയ നിയമനത്തിന്റെ എല്ലാ ഘടകങ്ങളും പാലിക്കേണ്ടിവരും. ഇത് മറികടക്കാൻ നിലവിൽ ആക്ടിൽ വകുപ്പില്ല. നിലവിലെ നിയമനത്തിന്റെ തുടർച്ചയായതിനാൽ വയസ് പരിഗണിക്കേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമാണ് സർക്കാർ രാജ്ഭവനിലെത്തിച്ചത്. സർക്കാരിന്റെ താത്പര്യമാണെന്നറിയിച്ച്, ഫയൽ മാറ്റിവയ്ക്കാതെ ഒപ്പിട്ടുവാങ്ങാൻ ഒരു സംഘത്തെയും നിയോഗിച്ചു. സ്വന്തം നിലയിൽ നിയമോപദേശം തേടാതെ ഗവർണർ പുനർനിയമനത്തിന് അസാധാരണ ഉത്തരവിറക്കുകയായിരുന്നു. ഇപ്പോൾ അസാധാരണമായ നീക്കത്തിലൂടെ സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് ഗവർണർ. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾക്ക് സർക്കാരിന് മറുപടി പറയേണ്ടി വരും. നിയമവിരുദ്ധമെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയ നിയമനങ്ങൾ റദ്ദാക്കേണ്ടി വന്നേക്കാം. എണ്ണിപ്പറഞ്ഞ രാഷ്ട്രീയ ഇടപെടലുകളിൽ പുനപരിശോധന വേണ്ടിവരും. സംസ്കൃത സർവകലാശാലയിൽ പാനൽ നല്‌കാതെ ഏക പേരു നല്‌കി ഇഷ്ടക്കാരനെ വി.സിയാക്കാനുള്ള നീക്കവും ഉപേക്ഷിക്കേണ്ടി വരും.