
തിരുവനന്തപുരം: ചാൻസലർ പദവി ഒഴിയാമെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്ത് ഗൗരവതരമാണെന്നും സർവകലാശാലകളെ സി.പി.എം പാർട്ടി സെല്ലുകളാക്കി മാറ്റുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. വി.സി നിയമനത്തിലും യൂണിവേഴ്സിറ്റികളുടെ പ്രവർത്തനത്തിലും മനംമടുത്താണ് ചാൻസലർ പദവി ഒഴിയാൻ ഗവർണർ സന്നദ്ധനായത്. ഒരു ഗവർണർ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്ത് നൽകേണ്ടി വന്നത് രാജ്യത്ത് ആദ്യമായിട്ടാകും. പിൻവാതിൽ നിയമനമാണ് സർവകലാശാലകളിൽ നടക്കുന്നത്. മുഖ്യമന്ത്രിയെക്കാൾ പാർട്ടി സെക്രട്ടറിയെ ചാൻസലറാക്കുന്നതാണ് നല്ലത്. വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവർണറുടെ കത്ത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ അപചയവും ബന്ധു നിയമനങ്ങളും പലവട്ടം പ്രതിപക്ഷം തെളിവുസഹിതം പറഞ്ഞതാണ്. അപ്പോഴെല്ലാം പതിവ് മൗനം തുടർന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ എന്ത് പറയാനുണ്ട്. യോഗ്യതയില്ലാത്ത നിയമനങ്ങളിലൂടെ സർവകലാശാലകളുടെ അക്കാഡമിക രംഗം പൂർണമായും തകർന്നു. സർവകലാശാലാ ഭരണം സി.പി.എം സംഘടനകളുടെ നിയന്ത്രണത്തിലാക്കിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ഉമ്മൻ ചാണ്ടി
സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ തീരുമാനമെടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകാൻ സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തലവനായ ഗവർണർ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയത്. കാലടി സർവകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിച്ചെന്ന ഗവർണറുടെ വെളിപ്പെടുത്തൽ അതീവഗുരുതരമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മന്ത്രിബിന്ദുവിനെ പുറത്താക്കണം: ചെന്നിത്തല
ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ വിഷയങ്ങൾ ഗൗരവമേറിയതാണെന്നും ഈ സാഹചര്യത്തിൽ മന്ത്രി ആർ. ബിന്ദു ഒരു നിമിഷം പോലും പദവിയിൽ തുടരരുതെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പുനർനിയമനത്തിന് അയോഗ്യനായ നിലവിലെ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ ശുപാർശ ചെയ്തത് മന്ത്രി ബിന്ദുവാണ്. പ്രോ ചാൻസലർ കൂടിയായ മന്ത്രിക്ക് ഇത്തരത്തിൽ ശുപാർശ നൽകാൻ നിയമം അനുവദിക്കില്ല. ഇതിലൂടെ മന്ത്രി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയും നടത്തി. ചട്ടവിരുദ്ധമായാണ് പുനർനിയമനം നടത്തിയതെന്ന് ഗവർണർ പരസ്യപ്പെടുത്തിയ സാഹചര്യത്തിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഉടൻ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഗവർണറുടെപ്രതികരണം സഹികെട്ടശേഷം: കുമ്മനം
സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിൽ ഇഷ്ടക്കാരെ നിയമിക്കാനുള്ള സി.പി.എം സമ്മർദ്ദം സഹിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പ്രതികരണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയല്ല ഗവർണർ. ഭരണഘടനാപരമായി നൽകിയിട്ടുള്ള ചുമതലകൾ നിർവഹിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിന്റെ പ്രതികരണമാണ് ഗവർണർ നടത്തിയത്. വൈസ്ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണറുടെ പ്രതിഷേധം. കൃത്യമായ നടപടിക്രമങ്ങളോടെ നടക്കേണ്ടതാണത്. അതിനെ മറികടന്ന് നീങ്ങാനാണ് സർക്കാർ ശ്രമിച്ചത്. ഗവർണറെ സമ്മർദ്ദത്തിലാക്കി തീരുമാനങ്ങൾ നടപ്പിലാക്കാനാണ് നീക്കമെന്നും കുമ്മനം പറഞ്ഞു.
ഗവർണറുടെ കത്ത് സർക്കാരിനേറ്റ പ്രഹരം: വി.എം. സുധീരൻ
നിയമങ്ങൾക്കും ചട്ടങ്ങൾക്കും യു.ജി.സി മാർഗനിർദ്ദേശങ്ങൾക്കും വിരുദ്ധമായി സങ്കുചിത രാഷ്ട്രീയതാത്പര്യം മുൻനിറുത്തി വൈസ് ചാൻസലർ നിയമനമുൾപ്പെടെയുള്ള തെറ്റായ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണ് മുഖ്യമന്ത്രിക്കുള്ള ഗവർണറുടെ കത്തെന്ന് വി.എം. സുധീരൻ പറഞ്ഞു. മുഖ്യമന്ത്രി തന്നെചാൻസലറായിക്കൊള്ളൂവെന്ന് ഗവർണർക്ക് പറയേണ്ടിവന്നത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയാണ് വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള അരാജകാവസ്ഥയുടെ പച്ചയായ പ്രതിഫലനമാണിത്. ഇനിയെങ്കിലും സർക്കാർ തെറ്റുതിരുത്തണം. വൈസ് ചാൻസലർ നിയമനങ്ങളുൾപ്പെടെയുള്ള തെറ്റായ നടപടികൾ റദ്ദാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ചാൻസലർ പദവിയെ സർക്കാർ റബർ സ്റ്റാമ്പാക്കി: എം.എം. ഹസൻ
സംസ്ഥാനത്ത് ചാൻസലർ എന്ന അധികാര സ്ഥാനത്തെ സർക്കാർ റബർ സ്റ്റാമ്പാക്കിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലകളെ എ.കെ.ജി സെന്ററുകളാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഗവർണർ നിസഹായ അവസ്ഥയിൽ നിൽക്കരുത്. നിയമവിരുദ്ധമായ നിയമനങ്ങളിൽ ഉചിതമായി ഇടപെട്ട് നടപടി സ്വീകരിക്കണം. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ അദ്ധ്യാപക നിയമനത്തിന് കാലതാമസം വന്നപ്പോൾ ചാൻസലർ എന്ന നിലയിൽ ഗവർണർ സർക്കാരിന് കത്തെഴുതിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. സർവകലാശാലയിലെ അദ്ധ്യാപകർക്ക് ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് മൂന്ന് കത്തുകൾ സർക്കാരിന് നൽകിയിട്ടും മറുപടി നൽകിയില്ല. പി.എസ്.സി, പൊലീസ് എന്നിവയെ രാഷ്ട്രീവത്കരിക്കാനാണ് സർക്കാർ ശ്രമം. ഗവർണറുടെ അഭിപ്രായത്തോടെ യു.ഡി.എഫ് പൂർണമായ യോജിക്കുന്നു. മന്ത്രി റിയാസിനെതിരായ വിവാദ പരാമർശത്തിൽ ആ പാർട്ടിക്കാർ തന്നെ മറുപടി പറയണമെന്നും യു.ഡി.എഫ് പ്രതികരിക്കില്ലെന്നും ഹസൻ പറഞ്ഞു.
വി.സി നിയമനം റദ്ദാക്കണം: കെ.സി. ജോസഫ്
ഗവർണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായുള്ള ഡോ. ഗോപിനാഥിന്റെ നിയമനം റദ്ദാക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്നുവരെ ഒരു സർവകലാശാലയിലും കാലാവധി പൂർത്തിയാക്കിയ വൈസ് ചാൻസലർക്ക് തുടർ നിയമനം നൽകിയിട്ടില്ല. ഭരണഘടനയും നിയമ വ്യവസ്ഥയും പാലിക്കേണ്ട ഗവർണർ പ്രകടമായ നിയമ ലംഘനത്തിന് കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു. അദ്ദേഹത്തെ ആരാണ് സമ്മർദ്ദത്തിന് വിധേയനാക്കിയതെന്ന് വെളിപ്പെടുത്തണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.