
നിയമത്തിന് നിരക്കാത്ത ചെയ്തികളുടെ പേരിൽ സംസ്ഥാന സർക്കാരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ഇടഞ്ഞിരിക്കുകയാണ്. കാലടി സംസ്‌കൃത സർവകലാശാലയുടെ വി.സി നിയമനത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട സെർച്ച് കമ്മിറ്റിയെ നിർവീര്യമാക്കി സർക്കാരിനു താത്‌പര്യമുള്ളയാളെ വാഴിക്കാനുള്ള ശ്രമമാണ് പോരിനു കാരണം. കണ്ണൂർ സർവകലാശാലാ വി.സി നിയമനത്തിലും സർക്കാർ ചട്ടങ്ങൾ മറികടന്നിരുന്നു. ഒരു കലർപ്പുമില്ലാത്ത രാഷ്ട്രീയ നിയമനമെന്ന് പരക്കെ ആക്ഷേപമുയർന്ന ചെയ്തികളാണിവ. കണ്ണൂർ സർവകലാശാലയിൽ നടന്ന ചില നിയമനങ്ങളും വിവാദമായിരുന്നു. സർവകലാശാലകളും അവിടങ്ങളിലെ നിയമനങ്ങൾ ഉൾപ്പെടെയുള്ള ഭരണകാര്യങ്ങളും നീതിപൂർവമാകണമെന്ന വിശാലലക്ഷ്യത്തോടെയാണ് പ്രത്യേക നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ സകലതും രാഷ്ട്രീയത്തിൽ മുങ്ങിയതോടെ നിയമവും ചട്ടവുമൊക്കെ വഴിമാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം ഈയിടെ നിയമ ഭേദഗതിയിലൂടെ സർക്കാർ എടുത്തുകളഞ്ഞിരുന്നു. തികച്ചും രാഷ്ട്രീയലക്ഷ്യത്തോടെ സർക്കാർ കൈക്കൊള്ളുന്ന നടപടികളിൽ തനിക്കുള്ള എതിർപ്പ് രൂക്ഷമായി പ്രകടിപ്പിക്കുന്നതാണ് ഗവർണർ സർക്കാരിനെഴുതിയ കത്ത്. ഇഷ്ടമനുസരിച്ച് ഓരോന്നു ചെയ്യാനാണെങ്കിൽ ചാൻസലർ പദവി സർക്കാരിന് തിരിച്ചെടുക്കാവുന്നതാണെന്ന് അദ്ദേഹം പറയുന്നു. ഇതിനുവേണ്ടി ഓർഡിനൻസ് ഇറക്കണമെങ്കിൽ അതിൽ ഒപ്പിട്ടുനല്കാൻ സന്നദ്ധനാണെന്നും പറഞ്ഞു. സർക്കാരുമായി ഇടച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് പല നിയമവിരുദ്ധ കാര്യങ്ങൾക്കും കൂട്ടുനില്‌ക്കേണ്ടിവന്നതെന്ന് ഗവർണർ പറയുമ്പോൾ വെട്ടിലായത് സർക്കാരാണ് .
ഗവർണറെ നിയമിക്കുന്നത് കേന്ദ്ര ഭരണകൂടമാകയാൽ സംസ്ഥാന സർക്കാരുകളുമായി അവർ പലപ്പോഴും പോരിനിറങ്ങുന്നത് അപൂർവമല്ല. ഇവിടെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് കാതലായ നിയമപ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. സർക്കാരുണ്ടാക്കിയ നിയമങ്ങളും ചട്ടങ്ങളും സർക്കാർ തന്നെ ലംഘിക്കുമ്പോൾ എല്ലാം നിയമാനുസൃതമായി നടക്കണമെന്നു വാശിയുള്ള ഭരണത്തലവന് നിശബ്ദനാകാൻ കഴിയില്ല.
അറുപതു കഴിഞ്ഞ വ്യക്തിയെ വി.സി സ്ഥാനത്തേക്കു പരിഗണിക്കരുതെന്നാണു ചട്ടമെങ്കിലും കണ്ണൂർ വി.സിയായി നിയമനം നൽകിയ ആൾക്ക് അതിലേറെ പ്രായമുണ്ടായിരുന്നു.
വി.സി സ്ഥാനത്തിരിക്കെ തന്നെയാണ് ഉയർന്ന പ്രായം പരിഗണിക്കാതെ വീണ്ടും പുനർനിയമനം നൽകിയത്. സംസ്‌കൃത സർവകലാശാലയിൽ ഇഷ്ടക്കാരനെ നിയമിക്കാനാണ് സെർച്ച് കമ്മിറ്റിയെ സർക്കാർ നിർവീര്യമാക്കിയത്. കണ്ണൂരിലെ നിയമവിരുദ്ധ നിയമനത്തിനു നേരെ കണ്ണടയ്ക്കേണ്ടി വന്നെങ്കിലും സംസ്‌കൃത വി.സി നിയമന ശുപാർശ അദ്ദേഹം തിരസ്കരിച്ചു. സർവകലാശാലകളിൽ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നഗ്നമായ രാഷ്ട്രീയ ഇടപെടലുകളാണ് ചാൻസലർ കൂടിയായ ഗവർണർ പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ താത്‌പര്യത്തിലുള്ള ഇത്തരം നടപടികൾ എൽ.ഡി.എഫ് സർക്കാരിന് ചേർന്നതല്ല. കാര്യകാരണ സഹിതമാണ് സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഗവർണർ കത്തെഴുതിയിട്ടുള്ളത്. അത്യസാധാരണമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന കത്താണിത്. അടുത്ത കാലത്ത് സംസ്ഥാനത്തെ സർവകലാശാലകൾ വാർത്തകളിൽ നിറയുന്നത് തെറ്റായ കാര്യങ്ങളിലാണെന്ന് അദ്ദേഹം പറയുമ്പോൾ ആത്മപരിശോധന നടത്താനുള്ള വിവേകം സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കും. സർവകലാശാലാ സമിതികളിലെ പ്രാതിനിദ്ധ്യം നോക്കിയാലറിയാം രാഷ്ട്രീയത്തിന്റെ അതിപ്രസരം. നിയമത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്യാൻ തനിക്കുമേൽ സർക്കാരിന്റെ സമ്മർദ്ദം വർദ്ധിക്കുകയാണെന്നു ഗവർണർ പറയുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമം വിജയിച്ചേക്കാം. മുൻപും അത്തരത്തിലാണല്ലോ കാര്യങ്ങൾ അവസാനിച്ചിരുന്നത്. എന്നാൽ ഗവർണർ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ നിഷ്‌പക്ഷതയ്ക്കും നീതിബോധത്തിനും മേൽ കരിനിഴൽ പരത്തിയിട്ടുണ്ട്. തീരുമാനങ്ങൾ തെറ്റെന്നു ബോദ്ധ്യപ്പെട്ടാൽ തിരുത്തുകയാണു വേണ്ടത്.