cm

തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച്, തന്റെ ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കാൻ കത്തെഴുതി കൊമ്പുകോർത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്തേക്കും.

പ്രതിഷേധ സൂചകമായി കാർഷിക സർവകലാശാലയുടെ ബിരുദദാനചടങ്ങ് ബഹിഷ്‌കരിച്ച് ഡൽഹിക്ക് പോയ ഗവർണർ ഇന്നലെ അവിടെയും സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചു. വി. സിമാരെ നിയമിക്കാൻ പോലും തനിക്ക് അധികാരമില്ലെന്നും രാഷ്‌ട്രീയ അജണ്ട നടപ്പാക്കാനുള്ള ആളുകളെ താൻ നിയമിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും അസഹനീയമാണ് കാര്യങ്ങളെന്നും അദ്ദേഹം തുറന്നടിച്ചു. രാഷ്‌ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയാൽ തീരുമാനം പുനഃപരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ ഗവർണർ18ന് തിരിച്ചു വന്നശേഷം മുഖ്യമന്ത്രി രാജ്ഭവനിലെത്തി അദ്ദേഹത്തെ കാണുമെന്നാണ് സൂചനകൾ. ഗവർണറെ വിശ്വാസത്തിലെടുത്തു മാത്രമേ നടപടികളുണ്ടാവൂ എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയേക്കും. എന്നാൽ സർക്കാർ എടുത്ത തീരുമാനങ്ങൾ മാറ്റാൻ സാദ്ധ്യത ഇല്ല. ആത്യന്തികമായി ഗവർണർ വഴങ്ങുമെന്നാണ് കരുതുന്നത്.

കേസ് കുരുക്കാവും

കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ഹാജരാക്കി തന്നെ സമ്മർദ്ദത്തിലാക്കി നിയമന ഫയലിൽ ഒപ്പിടീച്ചെന്ന ഗുരുതര ആരോപണമാണ് ഗവർണറുടേത്. അറുപത് വയസു കഴിഞ്ഞവരെ നിയമിക്കരുതെന്ന സർവകലാശാലാ നിയമം മറികടന്ന് 61വയസുള്ള ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിനെതിരായ ഹൈക്കോടതിയിലെ ക്വോ വാറന്റോ കേസിൽ ചാൻസലറാണ് ഒന്നാം എതിർകക്ഷി. അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോൾ, സമ്മർദ്ദത്തിന് വഴങ്ങി ചാൻസലർ തന്നെ നിയമവിരുദ്ധ നിയമനം നടത്തിയത് തനിക്ക് കുരുക്കാവുമെന്ന് കണ്ടാണ് ഗവർണറുടെ നീക്കമെന്നാണ് സൂചന.

നിയമവിരുദ്ധമായി വി.സിയെ നിയമിച്ചത് ചാൻസലറുടെയും തെറ്റാണ്.

അഴിമതി, പെരുമാറ്റദൂഷ്യം എന്നിവയ്ക്കല്ലാതെ വി.സിയെ പിരിച്ചുവിടാനാവില്ല.

ഗവർണർ ശക്തമായ നിലപാടെടുത്തതിനാൽ വി.സിക്ക് സ്വമേധയാ രാജിവയ്‌ക്കാം. അത് പക്ഷേ സർക്കാരിന് തിരിച്ചടിയാകും.

ഗവർണർ ഡൽഹിയിൽ പറഞ്ഞത്

കേരളത്തിലെ സർവകലാശാലയിൽ രാഷ്ട്രീയ അതിപ്രസരം ആണ്. സ്വതന്ത്ര്യമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. വിസിമാരെ നിയമിക്കാൻ പോലും തനിക്ക് അധികാരമില്ല. രാഷ്‌ട്രീയ അജണ്ട നടപ്പാക്കാനുള്ള ആളുകളെ ഞാൻ നിയമിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. സർവകലാശാലകളിൽ മുഖ്യമന്ത്രിക്ക് കാര്യമില്ല. പിന്നെന്തിനാണ് വിസിമാർ അദ്ദേഹത്തെ സമീപിക്കുന്നത്.

കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർക്ക് പുനർനിയമനം നൽകി. കാലടിയിൽ വൈസ് ചാൻസലർ പദവിയിലേക്ക് ഏഴ് പേരെ പരിഗണിച്ചെങ്കിലും ഒരാളുടെ പേര് മാത്രമാണ് തന്റെ മുന്നിലെത്തിയത്.

സർവകലാശാലകളുടെ സ്വയംഭരണം അംഗീകരിക്കണം. കേരളത്തിലെ സർവകലാശാലകളിൽ നിന്നു വരുന്നത് മോശം വാർത്തകളാണ്. ചാൻസലർ പദവിയിൽ ഇങ്ങനെ തുടരാൻ താല്പര്യമില്ല. പരമാവധി ശ്രമിച്ചു. ഇനിയിത് പറ്റില്ല. സർക്കാരുമായി ഉടക്കിനില്ല. ചാൻസർ പദവി മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഏറ്റെടുക്കാൻ നിയമം കൊണ്ടുവരട്ടെ. ഭരണഘടനാ പദവി അല്ലാത്തതിനാൽ ഒഴിയാൻ ബുദ്ധിമുട്ടില്ല.