sajil-sreedhar

തിരുവനന്തപുരം: മലയാറ്റൂർ സ്‌മാരക ട്രസ്റ്റിന്റെ 15-ാമത് മലയാറ്റൂർ അവാർഡിന് നോവലിസ്‌റ്റും മാദ്ധ്യമ പ്രവർത്തകനുമായ സജിൽ ശ്രീധർ അർഹനായി. 'വാസവദത്ത' എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. യുവ എഴുത്തുകാരനുള്ള മലയാറ്റൂർ പ്രൈസിന് എൻ.എസ്. സുമേഷ് കൃഷ്‌ണന്റെ 'രുദ്രാക്ഷരം' എന്ന കവിതാസമാഹാരം അർഹമായി. 5001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് മലയാറ്റൂർ ട്രസ്റ്റ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ ശബരിഗിരി, സെക്രട്ടറി അനീഷ് കെ. അയിലറ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ. ജയകുമാർ ചെയർമാനും ഡോ. ജോർജ് ഓണക്കൂർ, സതീഷ് ബാബു പയ്യന്നൂർ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡുകൾ നിശ്ചയിച്ചത്. കുമാരനാശാന്റെ കരുണയിലൂടെ പരിചിതയായ വാസവദത്തയുടെ ജീവിതത്തിലൂടെ സജിൽ ശ്രീധർ നടത്തുന്ന യാത്രയാണ് 'വാസവദത്ത'എന്ന നോവലിന്റെ ഇതിവൃത്തം.