vds

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ നിഴൽ ഭരണമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ പൊലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പൊലീസിന്റെ പ്രവർത്തനം. ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മൊഫിയക്ക് നീതി ലഭിക്കാനായി സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച ആലുവ പൊലീസിന്റെ നടപടി ബി.ജെ.പി സർക്കാരുകളുടെ അതേ മാതൃകയാണ്.
സമരത്തിൽ പങ്കെടുത്തവരുടെ പേര് നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. പിണറായി വിജയൻ സർക്കാർ തീവ്ര വലതുപക്ഷ സർക്കാരായി മാറിയിരിക്കുന്നു. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് വഴിമരുന്നിടുന്ന നടപടിയാണ് സി.പി.എമ്മും സർക്കാരും ചെയ്യുന്നത്. ആലുവ സമരത്തെ വർഗീയവത്കരിക്കാൻ സി.പി.എമ്മും പൊലീസും നടത്തുന്ന ശ്രമം അപലപനീയമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.