governor-

തിരുവനന്തപുരം: കണ്ണൂർ, കാലടി സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനങ്ങളിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊമ്പുകോർത്തതോടെ വെട്ടിലായത് സർക്കാരും ഇടതുമുന്നണിയും.

നേരത്തേയും കോഴിക്കോട് സർവകലാശാല വി.സി നിയമനത്തിലുൾപ്പെടെ ഗവർണറുടെ നീക്കങ്ങളെ സംശയത്തോടെയാണ് സി.പി.എം നേതൃത്വം കണ്ടത്. ഗവർണറുടെ ഉദ്ദേശ്യശുദ്ധിയിൽ 'നിഷ്കളങ്കത' കാണുന്നില്ലെങ്കിലും അതൃപ്തി പരസ്യമാക്കാതെയുള്ള അനുരഞ്ജനത്തിന് മുഖ്യമന്ത്രി മുൻകൈയെടുത്തേക്കും. പ്രത്യേകിച്ചും പുതുവർഷത്തിൽ നിയമസഭയിൽ സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നടത്തേണ്ടതിനാൽ. അതേസമയം, കണ്ണൂർ വി.സിയായി ഗോപിനാഥ് രവീന്ദ്രന്റെ തുടർ നിയമനം ഉൾപ്പെടെയുള്ള സർക്കാരിന്റെ തീരുമാനങ്ങൾ മാറ്റില്ലെന്നാണ് സൂചന.

യു.ഡി.എഫിനും ബി.ജെ.പിക്കും ഗവർണറുടെ നീക്കം പുതിയ രാഷ്ട്രീയ ആയുധമായിട്ടുണ്ട്. ബന്ധു നിയമനമടക്കമുള്ള ആക്ഷേപവും അവർ ശക്തിപ്പെടുത്തി. നിയമപരമായും സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ലോകായുക്തയെ സമീപിക്കാനുള്ള മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനം. കണ്ണൂർ വി.സി നിയമനത്തിനെതിരെ ഹൈക്കോടതിയിലുള്ള സ്വകാര്യ ഹർജികൾക്ക് ഗവർണറുടെ നീക്കങ്ങൾ തുണയാകുമെന്നും കോൺഗ്രസ് കരുതുന്നു. പൗരത്വ നിയമ ഭേദഗതിയിൽ ഗവർണറോട് വിയോജിച്ച യു.ഡി.എഫിന് അദ്ദേഹത്തെ പിന്തുണയ്ക്കാൻ പരിമിതിയുണ്ട്. അതിനാൽ പ്രശ്നാധിഷ്ഠിത നിലപാടാണ് അവരുടേത്.

കണ്ണൂർ വി.സിയുടെ തുടർനിയമനത്തിൽ അപാകതയില്ലെന്ന് സർക്കാർ വിശദീകരിക്കുന്നത് യു.ജി.സി മാർഗനിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ്. സർവകലാശാലാ കാര്യങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത വിഷയമായ കൺകറന്റ് ലിസ്റ്റിൽ പെട്ടതാണ്. അതനുസരിച്ച് സർവകലാശാലാ കാര്യങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നിയമം നിലവിലുണ്ട്. അതിൽ വി.സി നിയമനത്തിനുള്ള പ്രായപരിധി 60 വയസാണ്. ഒരേ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന നിയമങ്ങളിൽ വിരുദ്ധ വ്യവസ്ഥകളുണ്ടായാൽ കേന്ദ്രനിയമത്തിനാകും സാധുതയെന്ന ഭരണഘടനാവ്യവസ്ഥ അനുസരിച്ചാണ് കണ്ണൂർ വി.സി നിയമനം എന്നതിനാൽ അപാകതയില്ലെന്നാണ് സർക്കാരിനുള്ള നിയമോപദേശം.

എന്നാൽ, സംസ്ഥാനത്ത് സർവകലാശാലാ നിയമമനുസരിച്ച് മാത്രം കാര്യങ്ങൾ ചെയ്യുന്ന കീഴ്‌വഴക്കം കണ്ണൂരിന്റെ കാര്യത്തിൽ മാറ്റിയെന്നാണ് വിമർശനം. കാലടി സർവകലാശാലയിൽ യു.ജി.സി ചട്ടങ്ങൾ ഉപേക്ഷിച്ച് സർവകലാശാലാ നിയമത്തിന് പിന്നാലെ പോയി. ഇത് സമൂഹത്തിൽ സർക്കാർ തീരുമാനങ്ങളെപ്പറ്റി സംശയമുണർത്തിയെന്നാണ് യു.ഡി.എഫ് കരുതുന്നത്. അതിനാണ് ഗവർണറുയർത്തിയ വിവാദം എരിവ് പകർന്നതും.

ഗവർണറെന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാൻ പല വിഷയങ്ങളിലും കാട്ടുന്ന സജീവതാല്പര്യം സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. സ്ത്രീധന വിഷയത്തിൽ ഉപവാസമനുഷ്ഠിച്ചപ്പോൾ, സർക്കാരിനെതിരല്ലെന്ന് ഗവർണർ തന്നെ പ്രഖ്യാപിച്ചതാണ് എൽ.ഡി.എഫിന് ആശ്വാസമായത്. കാർഷിക നിയമങ്ങൾക്കെതിരെ പ്രത്യേക സഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ ശുപാർശ ആദ്യം നിരസിച്ചതും തലവേദനയുണ്ടാക്കിയിരുന്നു.

രണ്ടാമതും മന്ത്രിസഭ ശുപാർശ ചെയ്തപ്പോഴാണ് ഭരണഘടനാ ബാദ്ധ്യതപ്രകാരം അദ്ദേഹം അംഗീകരിച്ചത്. ഭരണഘടനാപരമായ പരിമിതിയുള്ളതിനാൽ ഗവർണർക്ക് സർക്കാരിനെ പാടേ തള്ളാനാവില്ലെന്നതും സർക്കാരിന് പിടിവള്ളിയാണ്.