
തിരുവനന്തപുരം: വെട്ടിക്കുറച്ച അലവൻസുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡോക്ടർമാർ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നില്പ് സമരം ഇന്ന് അഞ്ചാംദിവസം. ഇന്ന് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ആദ്യദിവസം മന്ത്രി വീണാ ജോർജുമായി പ്രതിനിധികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷും അറിയിച്ചു.
ഇന്നലെ ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെ.ജി.എം.ഒ.എ മുൻ സംസ്ഥാന സെക്രട്ടറി ഡോ. ബി. മോഹനദാസ് ഉദ്ഘാടനം ചെയ്തു. ഡോ. ശ്യാമപ്രസാദ്, ഡോ. റിഷാദ് മേത്തർ, ഡോ. സാബു സുഗതൻ, ഡോ. മനു പ്രഭാകർ, ഡോ. ശരത്ചന്ദ്ര ബോസ്, ഡോ. ടോണി, ഡോ. ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.
അടിച്ചമർത്തലെന്ന് ഡോക്ടർമാർ,
ഒന്നും ചെയ്യാനില്ലെന്ന് സർക്കാർ
ജോലിക്ക് ഹാജരാകാതെ സംഭവിക്കുന്ന വീഴ്ചകൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിലെ പി.ജി ഡോക്ടർമാരുടെ അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള സമരം രണ്ടാം ദിവസവും തുടർന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും മണിക്കൂറുകളോളം കാത്തിരുന്ന് വലഞ്ഞു. സമരം തുടർന്നാൽ മിക്ക മെഡിക്കൽ കോളേജുകളിലും വിദഗ്ദ്ധ ചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലാവും. ഇനിയൊരു ചർച്ച വേണ്ടെന്ന നിലപാടിലാണ് സർക്കാർ. ചെയ്യാനുള്ളതെല്ലാം ചെയ്തെന്നും ഇനിയൊന്നും ചെയ്യാനില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാട്.
അതേസമയം, സമരക്കാരെ ഭീഷണിപ്പെടുത്തി അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പി.ജി ഡോക്ടർമാർ ആരോപിച്ചു. സമരം ചെയ്യുന്നവരുടെ ഹാജർ നിലയും ജോലിയ്ക്ക് ഹാജരാകാതെ വരുത്തുന്ന വീഴ്ചകളും റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യസെക്രട്ടറി ഡി.എം.ഇയ്ക്ക് കത്ത് നൽകി. പരീക്ഷയെഴുതുന്നതിനും സ്റ്റൈപ്പന്റിനും ഇത് ബാധകമാക്കുമെന്നും കത്തിലുണ്ട്.
നാല് മാസം മുൻപ് നൽകിയ ഉറപ്പുകൾക്കപ്പുറം ഒന്നും നടപ്പായിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. നിയമനം നൽകിയ 373 ജെ.ആർ ഡോക്ടർമാർ ആറു മെഡിക്കൽ കോളേജുകളിലേക്ക് പര്യാപ്തമല്ല.
ജനം ദുരിതത്തിൽ
സമരമാണെന്ന് അറിഞ്ഞതിനാൽ രോഗികളുടെ വലിയ തിരക്കുണ്ടായിരുന്നില്ല. മുതിർന്ന ഡോക്ടർമാരാണ് ചികിത്സ ഏകോപിപ്പിച്ചത്. വന്നവർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. വാർഡുകളെയാണ് സമരം കാര്യമായി ബാധിച്ചത്. ഹൗസ് സർജൻമാർക്ക് നെട്ടോട്ടമോടേണ്ടി വന്നു. ഇന്ന് ഞായാഴ്ച ആയതിനാൽ ഒ.പി ഉണ്ടാകില്ല, നാളത്തെ സാഹചര്യം എങ്ങനെ നേരിടണമെന്നതിൽ ആശുപത്രി സൂപ്രണ്ടുമാർ ആശങ്കയിലാണ്.
അതേസമയം, ജോലിഭാരം അധികമായാൽ സമരത്തിനിറങ്ങുമെന്ന ഹൗസ് സർജന്മാരുടെ നിലപാട് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കും.