തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം കനകനഗറിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നിറുത്തിവച്ച പമ്പിംഗ് പുനരാരംഭിച്ചു. പൈപ്പ് മാറ്റിസ്ഥാപിച്ച ശേഷം ഇന്നലെ ഉച്ചയ്‌ക്ക് 2 ഓടെയാണ് പമ്പിംഗ് ആരംഭിച്ചത്. താഴ്‌ന്ന പ്രദേശങ്ങളിൽ രാത്രിയോടെ തന്നെ വെള്ളമെത്തി. ഉയർന്ന പ്രദേശങ്ങളിൽ രാവിലെയോടെ വെള്ളമെത്തും. ഉച്ചയോടെ ജലവിതരണം പൂർവസ്ഥിതിയിലാകുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. കോർപ്പറേഷന്റെ റോഡ് അറ്റക്കുറ്റപ്പണിക്കിടെ വ്യാഴാഴ്‌ച വൈകിട്ട് 5.30 ഓടെയാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മണ്ണിളകി വൻകുഴി രൂപപ്പെട്ടിരുന്നു. ഈ മണ്ണ് മാറ്റിയ ശേഷം കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ച് ബലപ്പെടുത്തിയ ശേഷമാണ് പൊട്ടിയ പൈപ്പുകൾ മാറ്റിസ്ഥാപിച്ചത്. 12 മീറ്റർ ദൂരത്തിൽ സ്ഥാപിച്ച രണ്ട് പൈപ്പുകൾ ന്നലെ രാവിലെയോടെ വിളക്കിച്ചേർത്തു. കോൺക്രീറ്റ് ഉറയ്‌ക്കാനുള്ളതിനാൽ ശക്തി കുറച്ചാണ് പമ്പിംഗ് നടത്തുന്നത്. ശക്തമായ സമ്മർദ്ദം ഉണ്ടായാൽ പൈപ്പ് പൊട്ടാനുള്ള സാദ്ധ്യതയുണ്ട്. നാളെ രാവിലെയോടെ പൂർണതോതിൽ പമ്പിംഗ് നടത്താനാകുമെന്ന് അധികൃതർ അറിയിച്ചു. ഓരോ മണിക്കൂർ ഇടവിട്ട് പമ്പിംഗിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കുടിവെള്ളം മുടങ്ങാതിരിക്കാൻ വെള്ളയമ്പലത്തെ ഒബ്സർവേറ്ററി ഹിൽസിലെ ഒരു ലൈനിൽ നിന്ന് ബദൽ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പമ്പിംഗ് തുടങ്ങിയെങ്കിലും ടാങ്കർ വഴിയും സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴിയും ആവശ്യക്കാർക്ക് ജലം വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.