തിരുവനന്തപുരം: 'മാറാം ഇലക്ട്രിക് വാഹനങ്ങളിലേക്ക് " എന്ന സന്ദേശമുയർത്തി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നഗരത്തിൽ 'ഹരിത യാത്ര'' ഇലക്ട്രിക് വാഹന റാലി സംഘടിപ്പിച്ചു. പാളയം യൂണിവേഴ്സിറ്റി കോളേജിൽ നിന്നാരംഭിച്ച വാഹന റാലി സിനിമാനടൻ ടൊവിനോ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയെ സംരക്ഷിക്കുക എന്നത് മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ഇതിനായി കാർബൺ രഹിത ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറേണ്ടതുണ്ടെന്നും ടൊവിനോ പറഞ്ഞു. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്‌, യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം, ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സർക്കാർ-പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വകാര്യകമ്പനികൾ, വ്യക്തികൾ എന്നിവരെ പങ്കെടുപ്പിച്ചാണ് റാലി സംഘടിപ്പിച്ചത്. പാളയത്ത് നിന്നാരംഭിച്ച് റാലി വെള്ളയമ്പലം, കവടിയാർ, പട്ടം, പി.എം.ജി, ബേക്കറി, തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിലൂടെ പര്യടനം നടത്തി സെൻട്രൽ സ്റ്റേഡിയത്തിൽ സമാപിച്ചു. മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ഇ.ബി, സി.ഇ.എസ്.എൽ, അഥെർ തുടങ്ങി വിവിധ സ്ഥാപനങ്ങൾ ഇലക്ട്രിക്ക് വാഹങ്ങളിലേക്ക് ചുവടുമാറ്റി. കാർബൺ രഹിതം,​ നിശബ്ദം,​ ചെലവുകുറഞ്ഞട് എന്നിവയാണ് ഇലക്ട്രിക് വാഹനങ്ങളുടെ പ്രത്യേകത. ഈ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിലൂടെ എനർജി മാനേജ്മെന്റ് സെന്റർ ലക്ഷ്യമിടുന്നത്.