
തിരുവനന്തപുരം: ചാൻസലറായ ഗവർണറെ വീണ്ടും നോക്കുകുത്തിയാക്കി ഫിഷറീസ് സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിൽ വേണ്ടപ്പെട്ടയാളുടെ പേര് മാത്രം ശുപാർശ ചെയ്ത് സർക്കാരിന്റെ അട്ടിമറി. ജനുവരി 22ന് വി.സിയായി പരിഗണിക്കേണ്ടവരെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി യോഗം കെ റിജി ജോണിന്റെ പേര് മാത്രമാണ് ശുപാർശ ചെയ്തത്.
യു.ജി.സി മാനദണ്ഡപ്രകാരം സെർച്ച് കമ്മിറ്റി മൂന്നംഗ പാനലോ, കമ്മിറ്റിയിലെ ഓരോരുത്തരും മൂന്നുപേരുടെ പാനലോ ആണ് നൽകേണ്ടത്. ഇതിൽനിന്ന് ഒരാളെ ചാൻസലർ നിയമിക്കും. എന്നാൽ ഒരു പേര് മാത്രം നൽകിയതോടെ, ഗവർണർക്ക് അദ്ദേഹത്തെ തന്നെ നിയമിക്കേണ്ടി വന്നു. ഇത്തരം നടപടികൾ പറ്റില്ലെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയതിനാലാണ് സംസ്കൃത സർവകലാശാലാ വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി കാലാവധി തികയുംവരെ യോഗം ചേരാതിരുന്നത്.
യോഗം ചേർന്നാൽ യു.ജി.സി പ്രതിനിധിയായി എത്തുന്ന അക്കാഡമിക് വിദഗ്ദ്ധൻ ഒന്നിലേറെ പേരുകൾ ശുപാർശ ചെയ്യാനിടയുണ്ടായിരുന്നു. സെർച്ച് കമ്മിറ്റി ഇല്ലാതായതിനു പിന്നാലെ കലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറുടെ പേര് സർക്കാർ നാമനിർദ്ദേശം ചെയ്തു. ഇത് അംഗീകരിക്കാതെ ഗവർണർ ഫയൽ തിരിച്ചയച്ചു.