p

പോത്തൻകോട് (തിരുവനന്തപുരം): പോത്തൻകോട്ട് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. ആക്രമണത്തിനു ശേഷവും പകതീരാതെ,​ വെട്ടിമാറ്റിയ ഇടതുകാൽ ബൈക്കിൽ അരക്കിലോമീറ്റർ അപ്പുറം കല്ലൂർ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തി. പിന്നീട് കാൽ റോഡിലേക്ക് വലിച്ചെറിഞ്ഞു. വെട്ടേറ്റ മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷ് (35) മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 2.45 ന് ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവർ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമികളെ കണ്ട് സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് സുധീഷിനെ വാളും മഴുവും ഉപയോഗിച്ച് ആക്രമിച്ച ശേഷമാണ് ഇടതുകാൽ വെട്ടിയെടുത്തത്. ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതിനാൽ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങിയില്ല.

ആ വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ മുന്നിലിട്ടാണ് അക്രമികൾ സുധീഷിന്റെ കാലുകളും കൈകളും വെട്ടിമാറ്റിയത്. ഗുണ്ടാപ്പകയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം അടിപിടി കേസുകളിൽ പ്രതിയാണ് മരിച്ച സുധീഷ്.

ആറ്റിങ്ങൾ മങ്ങാട്ടുമൂലയിൽ ഇക്കഴിഞ്ഞ 6 ന് സുധീഷിന്റെ സംഘം വീട് ആക്രമിച്ച് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അന്ന് ആക്രമണം നടത്തിയ അഞ്ചംഗ സംഘത്തിലെ നാല് പേർ ജയിലാണ്. കല്ലൂർ പാണൻ വിളയിലെ അമ്മയുടെ കുടുംബ വീട്ടിൽ ഒളിവിലായിരുന്നു കൊല്ലപ്പെട്ട സുധീഷ്. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷും സംഘവുമാണ് വെട്ടിയതെന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ സുധീഷ് പൊലീസിന് മൊഴി നൽകി. ഡി.ഐ.ജി. സഞ്ജയ് കുമാർ ഗുരുദിൻ, റൂറൽ എസ്.പി. പി.കെ. മധു എന്നിവർ സംഭവ സ്ഥലത്തെത്തി. ജംഗ്ഷനിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.