നെടുമങ്ങാട്: പാരമ്പര്യ കലാരൂപങ്ങളെ സംരക്ഷിക്കാനും കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാക്കാരിശി കലാരൂപത്തിന്റെ കുലപതിയായ ആർ.കെ. അയ്യപ്പനാശാന്റെ സ്‌മരണാർത്ഥം സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ മൂന്നാമത് പ്രതിഭാപുരസ്‌കാരം കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ സൂര്യാ കൃഷ്ണമൂർത്തി മുഖ്യ പ്രഭാഷണം നടത്തി. കേരള ഗാന്ധി സ്‌മാരക നിധി മുൻ സെക്രട്ടറി അജിത് വെണ്ണിയൂർ, ഡോ.ബി. ബാലചന്ദ്രൻ, ഗായകൻ പന്തളം ബാലൻ, സമിതി പ്രസിഡന്റ് വട്ടപ്പാറ കൃഷ്ണൻകുട്ടി, സെക്രട്ടറി സത്യൻ തട്ടത്തുമല എന്നിവർ സംസാരിച്ചു. മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ എം.ഫിൽ നേടിയ പട്ടിക ജാതി വിഭാഗത്തിലെ ഐ.പി. അമൃതയെ ചടങ്ങിൽ അനുമോദിച്ചു.