
തിരുവനന്തപുരം : ഒമിക്രോൺ ഭീതിയെത്തുടർന്ന് സംസ്ഥാനത്ത് ചികിത്സാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി കരുതലോടെ ആരോഗ്യവകുപ്പ്. ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഓക്‌സിജൻ ലഭ്യതയും ഐ.സി.യു വെന്റിലേറ്ററുമാണ് പ്രധാനമായും ഉറപ്പാക്കുന്നത്. പ്രതിദിനം 354.43 മെട്രിക് ടൺ ഓക്‌സിജനാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. ഇപ്പോൾ പ്രതിദിനം 65 മെട്രിക് ടൺ ഓക്‌സിജൻ മാത്രമാണ് ആവശ്യമായി വരുന്നത്. ഇതോടൊപ്പം കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിബോഡി കോക്ടെയിൽ, റെൻഡിസീവർ തുടങ്ങിയ ജീവൻരക്ഷാ മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 42 ഓക്‌സിജൻ ജനറേറ്ററുകളാണുള്ളത്. ഇതിലൂടെ പ്രതിദിനം 89.93 മെട്രിക് ടൺ ഓക്‌സിജനാണ് ഉത്പാദിപ്പിക്കുന്നത്. 14 എയർ സെപ്പറേഷൻ യൂണിറ്റുകൾ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിലവിലുണ്ട്. ഇതിലൂടെ 65 മെട്രിക് ടൺ ഓക്സിജനാണ് ഒരു ദിവസം ഉത്പാദിപ്പിക്കുന്നത്. ഇതുകൂടാതെ പ്രതിദിനം 207.5 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്. സർക്കാർ സ്വകാര്യ മേഖലകളിലായി നിലവിൽ 1802.72 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ സംഭരണ ശേഷിയുണ്ട്. 174.72 മെട്രിക് ടൺ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മറ്റു സംവിധനങ്ങൾ
സർക്കാർ മേഖലയിൽ
ഐസിയു കിടക്കകൾ 3107
വെന്റിലേറ്ററുകൾ 2293
സ്വകാര്യ മേഖലയിൽ
ഐസിയു കിടക്കകൾ 7468
വെന്റിലേറ്റർ 2432