തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം നഗരത്തെ പിടിച്ചുകുലുക്കിയ ഗുണ്ടാവിളയാട്ടത്തിൽ യുവാവ് കൊല്ലപ്പെട്ടത് അതിദാരുണമായി. പോത്തൻകോട് കല്ലൂരിലാണ് ഗുണ്ടാ കുടിപ്പക ഒരാളുടെ ജീവനെടുത്തത്. നാട്ടുകാരെയടക്കം ബോംബെറിഞ്ഞ് വിരട്ടിയോടിച്ച ശേഷമായിരുന്നു ആക്രമണം. വെട്ടിയെടുത്ത കാലുമായി ആർത്തട്ടഹസിച്ച ഗുണ്ടകൾ അക്ഷരാർത്ഥത്തിൽ ജനങ്ങളുടെ മനസിനെ വിറങ്ങലിപ്പിച്ചു. ആഗസ്റ്റിന് ശേഷം രണ്ടാം തവണയാണ് തലസ്ഥാനത്ത് ഗുണ്ടാ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമാകുന്നത്. കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ വച്ച് ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയതായിരുന്നു അവസാന കൊലപാതകം.

എന്നാൽ ഇതിന് ശേഷവും പലദിവസങ്ങളിലും ബോംബേറും മർദ്ദനവുമടക്കം പലയിടത്തും ചോര ചിതറി. മദ്യവും കഞ്ചാവും രാഷ്ട്രീയ വൈരവും വ്യക്തിവൈരാഗ്യവും കുടുംബപ്രശ്നങ്ങളുമെല്ലാം കാരണങ്ങളായപ്പോൾ തലസ്ഥാനം ചോരക്കളമായി. വെഞ്ഞാറമൂട്, കഴക്കൂട്ടം, ആറ്റിങ്ങൽ, വലിയതുറ, പോത്തൻകോട്, എന്നിവിടങ്ങളിലാണ് അക്രമങ്ങൾ കൂടിയത്. ഗുണ്ടാപ്പിരിവ് നൽകാത്തതിനാൽ പുത്തൻതോപ്പ് ജംഗ്ഷനിൽ രണ്ടുപേർ ചേർന്ന് ചിക്കൻ സ്റ്റാൾ ഉടമയെയും സഹായിയെയും സമീപത്തെ കടയുടമയെയും വെട്ടിപ്പരിക്കേൽപ്പിച്ചത് ഈ മാസം ആദ്യമായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ സ്‌കൂട്ടർ നൽകാത്തതിന് ഒരു യുവാവിനെയും സംഘം ആക്രമിച്ചു. ഇതിന് ദിവസങ്ങൾക്ക് മുൻപ് ജയിലിൽ നിന്നിറങ്ങിയ ക്രിമിനൽ കേസ് പ്രതികളായ രാജേഷ് (കാള രാജേഷ്), സച്ചു എന്നിവരാണ് ആക്രമണം നടത്തിയത്. കണിയാപുരത്ത് ബൈക്കിൽ പോയ യുവാവിനെ തടഞ്ഞുനിറുത്തി മദ്യപസംഘം ആക്രമിച്ചതും ഈ നവംബറിലായിരുന്നു. ഈ കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്.ഐക്ക് സസ്പെഷൻ ലഭിച്ചിരുന്നു. കൊലപാതകമടക്കം നിരവധി അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടും പലയിടത്തും പൊലീസിന് കാഴ്ചക്കാരനാവാനേ സാധിച്ചുള്ളൂവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.