തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത് ബി.ജെ.പിക്കാരായ പൊലീസുകാരാണെന്ന് സി.പി.എം പേരൂർക്കട ഏരിയാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. ബി.ജെ.പിക്കാർ പ്രതികളായ കേസുകളിൽ അവർക്കൊപ്പം നിന്ന് സി.പി.എം പ്രവർത്തകരെപ്പോലും പ്രതികളാക്കുകയാണ് പൊലീസെന്നും നെട്ടയത്ത് നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

സ്വപ്‌ന സുരേഷ് ഓഫീസിൽ കയറിയിറങ്ങിയിട്ടും മുഖ്യമന്ത്രി അതറിയാതെ പോയതിനെ വട്ടപ്പാറയിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചത് " ഏരിയാ കമ്മിറ്റി ഓഫീസിൽ ഒരു സ്ത്രീ ഇതുപോലെ സ്ഥിരമായി വന്നാൽ ഏരിയാ സെക്രട്ടറി അറിയില്ലേ?". സഹകരണജീവനക്കാർക്ക് വാരിക്കോരി നൽകുന്ന സർക്കാർ കെ.എസ്.ആർ.ടി.സിയോട് ചിറ്റമ്മനയം കാട്ടുന്നുവെന്നും വിമർശനമുയർന്നു. ജനങ്ങൾക്കിടയിൽ ആശങ്കയുള്ള കെ - റെയിൽ പദ്ധതി വേണോയെന്ന ചോദ്യവുമുണ്ടായി.

നഗരസഭയിലെ എസ്.ടി ഫണ്ട് വെട്ടിപ്പിൽ ആരോപണവിധേയരായ പേരൂർക്കട ഏരിയാകമ്മിറ്റിയിലെ നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നില്ല. നഗരസഭാ ഭരണം ആകെ അഴിമതിയിൽ മുങ്ങിയതാണെന്ന സംശയം ജനങ്ങളിലുണ്ടെന്നും അഭിപ്രായമുയർന്നു. ഇ.കെ. നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സേവന,നിയമനങ്ങളെല്ലാം വഞ്ചിയൂർ ഏരിയാ കമ്മിറ്റിയിലുള്ളവർക്കായി ചുരുങ്ങുന്നു. മെഡിക്കൽകോളേജിലെ നിയമനങ്ങൾ മുൻമന്ത്രിയും കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും ചേർന്നാണ് നടത്തുന്നതെന്നും വിമർശനമുണ്ടായി.

പാർട്ടി കമ്മിറ്റിയിൽ വിമർശനമുന്നയിക്കുന്നവരെ നേതാക്കൾ മോശം പദപ്രയോഗത്തിലൂടെ നേരിടുന്നുവെന്ന് വാഴോട്ടുകോണം ലോക്കൽകമ്മിറ്റി പ്രതിനിധികളാണ് ചൂണ്ടിക്കാട്ടിയത്.