1

പോത്തൻകോട്: പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽ നടന്ന പൈശാചിക കൊലപാതകത്തിന്റെ നടുക്കം മാറാതെ പോത്തൻകോട് കല്ലൂർ നിവാസികൾ. കാണുന്നവരുടെ രക്തം മരവിപ്പിക്കുന്ന ക്രൂരതയാണ് കൊലപാതകികൾ സുധീഷിനോട് കാട്ടിയത്. ചെമ്പകമംഗലത്ത് കയറ്റിറക്ക് തൊഴിലാളിയായിരുന്ന സുധീഷ് മറ്റൊരു കേസിൽപ്പെട്ടതോടെയാണ് അമ്മയുടെ കല്ലൂരിലെ കുടുംബവീട്ടിൽ ഒളിച്ചു താമസിക്കാനെത്തിയത്. ഇവിടെ കൂലിപ്പണിക്ക് പോയിരുന്ന സുധീഷ് ഇന്ന് പണിയില്ലാത്തതിനാൽ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കുറച്ചുനാൾ മുമ്പ് ആറ്റിങ്ങലിന് സമീപം മങ്ങാട്ടുമൂലയിൽ സുധീഷും അനുജനും ഉൾപ്പെട്ട അഞ്ചംഗ സംഘം വീട് ആക്രമിച്ച് രണ്ട് യുവാക്കളെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അതിനെ തുടർന്നുണ്ടായ കുടിപ്പകയാകാം കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

ഉച്ചയോടെ ഓട്ടോയിലും ബൈക്കുകളിലുമായി എത്തിയ അക്രമികൾ

സുധീഷ് ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിലേക്കുള്ള റോഡുവക്കിൽ വാഹനങ്ങൾ ഒതുക്കിയിട്ട ശേഷം മുന്നൂറ് മീറ്റർ ദൂരം നടന്നെത്തിയാണ് കൃത്യം നടത്തിയത്. ഈ സമയം അയൽവാസികൾ പുറത്തുണ്ടായിരുന്നെങ്കിലും അക്രമികൾ പടക്കമെറിഞ്ഞതോടെ ഇവർ വീടുകളിൽ കയറി വാതിലടച്ചു. തുടർന്നാണ് പൈശാചികമായ കൊലപാതകം അരങ്ങേറിയത്. കൃത്യത്തിന് ശേഷം സംഘം ഏറെനേരം സ്ഥലത്ത് പരിഭ്രാന്തി പരത്തിയ ശേഷമാണ് മടങ്ങിയത്.

കേസിൽ പ്രതി സ്ഥാനത്തുള്ള ഒട്ടകം രാജേഷ് പോത്തൻകോട് മൊബൈൽ ഷോപ്പ് നടത്തിപ്പുകാരന്റെ കൈവെട്ടിയ കേസിൽ പ്രതിയാണ്. വിവിധ സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. പ്രതികൾക്കായി ഊർജ്ജിത അന്വേഷണമാണ് നടക്കുന്നത്. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. മറ്രൊരു കാറിന്റെ നമ്പരാണ് ഓട്ടോയിൽ പതിച്ചിരുന്നത്. സ്ഥലത്ത് ശക്തമായ പൊലിസ് നിരീക്ഷണം ഏർപ്പെടുത്തി.