എസ്.എസ്. രാജലാൽ വീണ്ടും സെക്രട്ടറി
തിരുവനന്തപുരം: സി.പി.എം പേരൂർക്കട ഏരിയാസമ്മേളനത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പിനിടെ രൂക്ഷമായ വാക്പോര്. പുതിയ ഏരിയാകമ്മിറ്റിയിലെ ഭൂരിപക്ഷം പേരും നിർദ്ദേശിച്ചയാളെ വെട്ടി നിലവിലെ ഏരിയാ സെക്രട്ടറിയായ രാജലാലിനെ സമ്മേളനത്തിൽ പങ്കെടുത്ത ജില്ലാ നേതാക്കൾ വീണ്ടും സെക്രട്ടറിയായി പ്രഖ്യാപിച്ചു.
രണ്ടുപക്ഷങ്ങളായി തിരിഞ്ഞ് അംഗങ്ങൾ തമ്മിൽ ചൂടേറിയ വാഗ്വാദമാണുണ്ടായത്. യോഗത്തിൽ 12 അംഗങ്ങൾ പുതിയ ഏരിയാ സെക്രട്ടറിയായി ടി.കെ. ദിനേശ് കുമാറിനെ നിർദ്ദേശിച്ചപ്പോൾ ഒമ്പതുപേർ രാജലാലിനെ പിന്തുണച്ചു. ദിനേശിനെ നിർദ്ദേശിച്ചവർ ഇതോടെ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തെ പ്രതിനിധീകരിച്ചെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും എം. വിജയകുമാറും പ്രത്യേകം യോഗം ചേർന്ന് രാജലാലിനെത്തന്നെ വീണ്ടും നിശ്ചയിക്കാൻ തീരുമാനിച്ച് യോഗത്തെ അറിയിക്കുകയായിരുന്നു. തർക്കമുന്നയിച്ച ഏരിയാ കമ്മിറ്റി അംഗങ്ങളോട് ' മര്യാദയ്ക്ക് എല്ലാവരും സീറ്റിൽ പോയിരിക്കണമെന്നും ഇല്ലെങ്കിൽ കടുത്ത ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും രൂക്ഷമായാണ് മന്ത്രി പറഞ്ഞത്. ജില്ലയിൽ ഒരിടത്തും ഏരിയാ സെക്രട്ടറിയെ മത്സരത്തിലൂടെ തിരഞ്ഞെടുത്തിട്ടില്ലാത്തതിനാൽ ഇവിടെയും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നാലെ രാജലാലിന്റെ പേരും പ്രഖ്യാപിച്ചു.
വട്ടപ്പാറ ജയകുമാറാണ് ദിനേശിന്റെ പേര് നിർദ്ദേശിച്ചത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അനുകൂലിയാണ് ദിനേശ്. എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷററും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സമിതിയംഗവുമായിരുന്ന അദ്ദേഹം ഒരു വർഷം മുമ്പ് വിരമിച്ച ശേഷം പേരൂർക്കട ഏരിയാകമ്മിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ്. കടകംപള്ളി അനുകൂലിയാണ് രാജലാൽ. 23 അംഗങ്ങളുണ്ടായിരുന്ന നിലവിലെ ഏരിയാകമ്മിറ്റിയിൽ നിന്ന് മുതിർന്ന നേതാവ് എസ്.കെ. ആശാരി, മരുതൂർ വിജയൻ, സി.ഐ.ടി.യു നേതാവ് ജെ. അരവിന്ദൻ എന്നിവരെ ഒഴിവാക്കിയും ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി അംശു വാമദേവനെ ഉൾപ്പെടുത്തിയുമാണ് 21 അംഗ കമ്മിറ്റി രൂപീകരിച്ചത്.