തിരുവനന്തപുരം: അനുവദിക്കുന്ന ഫണ്ട് അർഹരായവരുടെ കൈകളിൽ തന്നെയാണോ എത്തുന്നതെന്നുള്ള പരിശോധന ഇല്ലാത്തതാണ് തട്ടിപ്പുകൾ വ്യാപകമാകുന്നതിനുള്ള പ്രധാന കാരണം. നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിറ്റ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഫണ്ട് അനുവദിക്കുന്നത് പട്ടികവിഭാഗത്തിനാണെങ്കിലും കിട്ടുന്നത് ആർക്കെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
വിവിധ ഫണ്ടുകളിൽ നിന്ന് ഉദ്യോഗസ്ഥർ മാത്രം കൈയ്യിട്ടുവരുന്നത് ലക്ഷങ്ങളാണ്. പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ തെളിയിക്കുന്നതും ഇതാണ്. എന്നാൽ ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇത്തരത്തിൽ കോടികളുടെ തട്ടിപ്പ് നടത്താനാകുമോ എന്നാണ് ഉയരുന്ന ചോദ്യം. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഒരു കോടിയുടെ തട്ടിപ്പെന്ന രീതിയിൽ അന്വേഷണം തുടങ്ങിയ കേസിൽ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്, തട്ടിച്ചത് അഞ്ചുകോടിയോളം രൂപയാണെന്നാണ് . ഇതാണ് സംശയം വർദ്ധിപ്പിക്കുന്നത്. പ്രധാനമായും പഠനമുറി, ഭൂരഹിത പുനരധിവാസ പദ്ധതികളിലാണ് നഗരസഭയിൽ തട്ടിപ്പ് നടന്നത്. ഇവ ഓരോന്നും പരിശോധിച്ചാൽ ക്രമക്കേടുകൾക്ക് പിന്നിലെ സംഘടിതശ്രമം തിരിച്ചറിയാനാകും.
പഠനമുറി പദ്ധതി
വീടുകളിൽ പഠനസൗകര്യം കുറഞ്ഞ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കാണ്
പദ്ധതിയുടെ ഗുണഫലം ലഭിക്കേണ്ടത്. രണ്ട് ലക്ഷം രൂപയാണ് വ്യക്തിഗത ആനുകൂല്യമായി ലഭിക്കുന്നത്. 2018 മുതൽ 2021 വരെയുള്ള വർഷങ്ങളിലാണ് പഠനമുറി പദ്ധതിയിൽ തട്ടിപ്പ് നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 20 അപേക്ഷകളിൽ ക്രമക്കേട് നടത്തിയായിരുന്നു തട്ടിപ്പ്. പ്രാഥമിക അന്വേഷണത്തിൽ 40 ലക്ഷം രൂപയാണ് ഇതിൽ നിന്ന് മാത്രം തട്ടിച്ചത്. എന്നാൽ വിശദമായ അന്വേഷണം നടത്തിയാൽ ഇത് വീണ്ടും വർദ്ധിക്കും.
പഠന മുറിയിൽ കണ്ടെത്തിയ ക്രമക്കേടുകൾ
ക്രമക്കേടുള്ള അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്കിന്റെ പകർപ്പുകൾ,എസ്റ്റിമേറ്റ്, ജാതി സർട്ടിഫിക്കറ്റ്, മറ്റ് രേഖകൾ എന്നിവ സമർപ്പിച്ചിട്ടില്ല.
മൂന്ന് അപേക്ഷകളിലെ അക്കൗണ്ട് നമ്പരുകളിൽ പേന കൊണ്ട് തിരുത്തി. ഇതിലൂടെ യഥാർത്ഥ ഗുണഭോക്താവിനല്ല പണം പോയത്.
അനുവദിച്ച നാല് ഗഡുക്കളിലും തുക പതിവിലും കൂടുതലായിരുന്നു.
അപേക്ഷകളിലെ രേഖപ്പെടുത്തലുകൾ അപൂർണം
ഫോറത്തിലെ നിശ്ചിത സ്ഥലത്ത് പട്ടികജാതി വികസന ഓഫീസറുടെ സാക്ഷ്യപെടുത്തൽ ഇല്ല
ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താവ് വകുപ്പുമായി ഏർപ്പെടുന്ന കരാറിൽ പട്ടികജാതി വികസന ഓഫീസർ ഒപ്പിട്ടിട്ടില്ല
ധനസഹായ വിതരണ രജിസ്റ്റർ അപൂർണം.
ഭൂരഹിത പുനരധിവാസ പദ്ധതി
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ കുടുംബങ്ങൾക്ക് കുറഞ്ഞത് 3സെന്റ് ഭൂമി വാങ്ങുന്നതിന് 6,00,000 രൂപയാണ് പദ്ധതി അനുവദിക്കുന്നത്. 2017 മുതൽ 2021 വരെ 38 അപേക്ഷകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. അപേക്ഷകളിലെല്ലാം കൃത്യമായ രേഖകളില്ലെന്നാണ് കണ്ടെത്തൽ. 38 പേരും വ്യാജമാണോ എന്നും അതോ അവരുടെ രേഖ വച്ച് പണം തട്ടിയതാണോ എന്നും കണ്ടെത്തണം. പദ്ധതിയിലും 50ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണ് പ്രാഥമിക കണക്കുകൾ. ഇതും കൃത്യമല്ല.
കണ്ടെത്തിയ ക്രമക്കേടുകൾ
ക്രമക്കേടുള്ള അപേക്ഷകളിൽ ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ഇല്ല
സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഇല്ലാതിരുന്നിട്ടും ആനുകൂല്യം നൽകി.
2017 മുതൽ 2019 വരെ ചില ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് ഗ്രാമസഭ ലിസ്റ്റിൽ നിന്നല്ല
ഭൂമി രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഭൂമിയുടെ അസൽ ആധാരം തിരിച്ചു നൽകണമെന്ന് നിർദ്ദേശമുണ്ടെങ്കിലും 368 ആധാരം ഇപ്പോഴും ഓഫീസിലുണ്ട്.