
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷിക്കാർക്കുള്ള അവാർഡിന് ലോക റെക്കാഡ് ഹോൾഡറും ഭിന്നശേഷിക്കാരനുമായ യുവാവ് നൽകിയ അപേക്ഷ സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസിൽ പൂഴ്‌ത്തിയെന്ന് ആക്ഷേപം. കരമന സ്വദേശി ഡോ. പ്രശാന്ത് ചന്ദ്രന്റെ (23) പിതാവ് ചന്ദ്രനാണ് ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നത്. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയെന്നും ചന്ദ്രൻ പറഞ്ഞു.
അവാർഡ് പ്രഖ്യാപനത്തിൽ പ്രശാന്തിന്റെ പേരില്ലാതായതോടെ ചന്ദ്രൻ സാമൂഹികനീതി വകുപ്പ് ഡയറക്ടറേറ്റിൽ അന്വേഷിച്ചപ്പോഴാണ് മകന്റെ അപേക്ഷ ജില്ലാ ഓഫീസിൽ നിന്ന് അവിടെ ലഭിച്ചെല്ലെന്ന് അറിഞ്ഞത്. തിരികെ ജില്ലാ ഓഫീസിൽ എത്തി അന്വേഷിച്ചപ്പോൾ ഫയൽ മാറ്റിവച്ചതായി അറിയാൻ കഴിഞ്ഞു. കാരണം ആരാഞ്ഞപ്പോൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്. രണ്ടാമത്തെ തവണയാണ് ജില്ലാ ഓഫീസിൽ നിന്ന് ഇത്തരം പെരുമാറ്റം തനിക്ക് നേരിടേണ്ടി വരുന്നതെന്നും ചന്ദ്രൻ പറയുന്നു
ജന്മന കാഴ്ച വൈകല്യം, കേൾവിക്കുറവ്, സംസാര വൈകല്യം, സെറിബ്രൽ പാൾസി തുടങ്ങിയ അസുഖങ്ങളുള്ളയാളാണ് പ്രശാന്ത്. എ.ഡി ഒന്ന് മുതൽ ഏത് തീയതി നൽകിയാലും അത് ഏത് ആഴ്ചയെന്ന് ഉടനടി എഴുതി കാണിക്കും. പത്ത് കോടി വർഷത്തെ കലണ്ടറും മനഃപാഠമാണ്. യന്ത്രസഹായമില്ലാതെ അന്തരീക്ഷ താപനില പറയുക, ഒറ്റകൈ കൊണ്ട് കീബോർഡ് വായിക്കുക തുടങ്ങിയ കഴിവുകളും പ്രശാന്തിനുണ്ട്. ഈ കഴിവുകൾ പരിഗണിച്ച് 18 ലോക റെക്കാഡും 23 ദേശീയ റെക്കാഡും മൂന്ന് ദേശീയ അവാർഡും പ്രശാന്തിന് ലഭിച്ചിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള വേൾഡ് റെക്കാഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പ്രശാന്തിന് ഡോക്ടറേറ്റ് ലഭിച്ചത്.