കടയ്ക്കാവൂർ: കടക്കാവൂർ മീരാൻ കടവ് കൊച്ചുതിട്ട തുടങ്ങിയ പല പ്രദേശങ്ങളും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഗുണ്ടകളുടെ പി‌ടയിൽ അമരുന്നതായി പരാതി. ഈ ഭാഗത്ത് തമ്പടിച്ചിരിയ്ക്കുന്ന അക്രമികൾ സന്ധ്യയ്ക്കുശേഷം വഴിയാത്രക്കാരെ മർദ്ദിയ്ക്കുകയും കൈവശമുളളത് പിടിച്ചുപറിക്കുന്നതായും പരാതി ഉയരുന്നുണ്ട്. ഒരുവർഷത്തിന് മുൻമ്പ് ഈ ഭാഗത്ത് കടകളിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികളാണ് ഇതിന്റെ പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് വിദ്യാർത്ഥികളെയും കുടുംബസമേതം സ്കൂട്ടറിൽ സഞ്ചരിച്ചവരെയും പ്രകോപനം കൂടതെ മർദ്ദിയ്ക്കുകയും സൈക്കിളിൽ പഠിക്കാൻ പോയ കുട്ടികളെ തള്ളിവീഴ്ത്തി മാരകമായി ഉപദ്രവിക്കുകയും ചെയ്ത സംഭവം ഉണ്ടായി. വിവരമറിഞ്ഞ് പൊലീസ് എത്തി ഇവരെ കസ്റ്റടിയിൽ എടുത്തു. ഒരാഴ്ചയ്ക്കിടെ ഇവർ നടത്തിയ ആക്രമണ പരമ്പരകളിൽ ഭീതിയിലാണ് പ്രദേശവാസികൾ. ഈ അക്രമികളുടെ ഭീഷണി മൂലമോ ഭയപ്പാടു മൂലമോ ആരും പരാതി നൽകാറില്ല. ഈ ക്രിസ്മസ് വേളകളിൽ മതസൗഹാർദ്ദം ഇല്ലാതാക്കുന്നതിന് വേണ്ടി ഇവർ കാണിക്കുന്ന ഭീഷണിക്കു മുമ്പിൽ വ്യാപാരികളും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പൊലീസിന്റെ കൂടുതൽ ഊർജ്ജിതമായ ശ്രദ്ധ ഈ മേഖലയിൽ ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.