
പാലോട്: പാലോട് റേഞ്ച് പരിധിയിലെ ബ്രൈമൂർ മണച്ചാലയിൽ നടന്ന വൈഡൂര്യ ഖനനം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്ന് പശ്ചിമഘട്ട ജൈവകലവറ പരിപാലന സമിതി ആരോപിച്ചു. വൈഡൂര്യ ഖനനത്തിന് എത്തിയ സംഘം വിവരം പുറത്തറിഞ്ഞതോടെയാണ് ദൗത്യം ഉപേക്ഷിച്ചത്. അന്നത്തെ പെരിങ്ങമ്മല വനം സെക്ഷൻ ഓഫീസിലെ ജീവനക്കാരുടെ സഹായം കൊള്ളസംഘത്തിന് ഉണ്ടായിരുന്നു. പെരിങ്ങമ്മല ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ സെക്ഷൻ ഫോറസ്റ്ററെ സ്ഥലം മാറ്റുകയും വാച്ചർമാരെ പിരിച്ചുവിടുകയും ചെയ്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്തില്ല. ദുർഘടമായ കാലാവസ്ഥയുടെ മറവിൽ വനം ഉദ്യോഗസ്ഥരും, വൈഡൂര്യ കൊള്ളക്കാരും, പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഗൂഢാലോചന നടത്തി ആസൂത്രണത്തോടെയാണ് വൈഡൂര്യം കൊള്ള ചെയ്തതെന്നും സമിതി ആരോപിച്ചു. കല്ലാർ സെക്ഷനിലെയും പെരിങ്ങമ്മല സെക്ഷനിലെയും ഗാർഡുകളെ മണച്ചാല ക്യാമ്പ് ഷെഡിൽ പോകുന്നത് വിലക്കിയിരുന്നു. മങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റും ബ്രൈമൂർ എസ്റ്റേറ്റിലെ ഗേറ്റ് കാവലും കടക്കുക അസാദ്ധ്യമാണ്. ഇതു രണ്ടും മറികടന്ന് ഖനനം നടന്നതിലൂടെ വനം വകുപ്പിന്റെ ഔദ്യോഗിക സംവിധാനമാണ് വൈഡൂര്യ കൊള്ളക്കാർ വിനിയോഗിച്ചതെന്നാണ് ആക്ഷേപം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ജനകീയ പ്രക്ഷോഭവും നിയമപോരാട്ടവും ഉൾപ്പെടെ നടത്തുന്നതിന് പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി തീരുമാനിച്ചിട്ടുണ്ടെന്നും ചെയർമാൻ എം. നിസാർ മുഹമ്മദ് സുൾഫി, ജനറൽ കൺവീനർ സലിം പള്ളിവിള എന്നിവർ അറിയിച്ചു.