pallikkodam

വിതുര: സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാനും കേഡറ്റുകളുമായി സംവദിക്കാനും മാൽദീവ്സ് കോൺസൽ ജെനറൽ അമീനത്ത് അബ്‌ദുള്ള ദീദിയുടെ നേതൃത്വത്തിലുള്ള സംഘം വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ്ഹയർ സെക്കൻഡറി സ്‌കൂൾ സന്ദർശിച്ചു. ഡെപ്യൂട്ടി കോൺസുൽ ജനറൽ ഇബ്രാഹീം സഈദ് മുഹമ്മദ്, ഫസ്റ്റ് സെക്രട്ടറി അമീനത്ത് മുഹമ്മദ് എന്നിവരാണ് വിതുര എസ്.പി.സി യൂണിറ്റ് സന്ദർശിച്ചത്.

സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുമായി സംവദിച്ച സംഘം എസ്.പി.സി.യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സ്‌കിൽ ഹബിലൂടെ ലഭിച്ച പരിശീലനത്തിലൂടെ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വിതുര ഇലവിൻമൂട്ടിൽ തയാറാക്കിയ കുട്ടിപ്പള്ളിക്കൂടവും സന്ദർശിച്ചു.

എസ്.പി.സി.വിതുര യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര ക്യാമ്പയിന്റെ ബ്രോഷർ ചടങ്ങിൽ കോൺസുൽ ജനറൽ പ്രാകാശനം ചെയ്തു.

എസ്.പി.സി സംസ്ഥാന അഡീഷണൽ നോഡൽ ഓഫീസർ കെ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് സിന്ധു ദേവി ടി.എസ്, വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഉദ്യോഗസ്ഥരെ സ്വീകരിച്ചത്. മിഷൻ ബെറ്റർ റ്റുമോറോ ചീഫ് മുഹമ്മദ് സൈഫ് കോൺസുലേറ്റ്‌ ടീമിനെ അനുഗമിച്ചു. വിവിധ വശങ്ങൾ പരിശോധിച്ച ശേഷം എസ്.പി.സി.പദ്ധതി മാൽദീവ്സിൽ നടപ്പിലാക്കുമെന്ന് അംഗങ്ങൾ അറിയിച്ചു.

വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.എസ്.ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്, വിതുര സബ്. ഇൻസ്‌പെക്ടർ. എസ്.എൽ. സുധീഷ്, കൊപ്പം വാർഡ്‌ അംഗം നീതു രാജീവ്, പി.ടി.എ.അംഗം ബിനു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ. അൻവർ, പ്രിയ നായർ തുടങ്ങിയവർ പങ്കെടുത്തു.