പോത്തൻകോട്: ആറ്റിങ്ങൽ ചെമ്പകമംഗലം സ്വദേശി സുധീഷ് പോത്തൻകോട് കല്ലൂരിലെ ബന്ധുവീട്ടിൽ വെട്ടേറ്റുമരിച്ച സംഭവം ക്വട്ടേഷൻ സിനിമകളെ വെല്ലുംവിധമുള്ള ആസൂത്രണത്തിലായിരുന്നുവെന്ന് പൊലീസ്. കൃത്യമായ പദ്ധതിയുമായി ഓട്ടോയിലും ബൈക്കുകളിലുമായെത്തിയ പതിനൊന്നംഗ സംഘം വീടിന് 500 മീറ്റർ മാറി വാഹനങ്ങൾ നിറുത്തിയിട്ടു. ഇടവഴിയിലൂടെ സുധീഷ് കഴിഞ്ഞിരുന്ന വീട് ലക്ഷ്യമാക്കി നീങ്ങിയ ഇവർ 300 മീറ്റർ അകലെയെത്തിയപ്പോൾ നാലായി തിരിഞ്ഞ് ഓരോ സ്ഥലങ്ങളിൽ നിലയുറപ്പിച്ചു. തുടർന്നാണ് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ് അയൽവാസികളെ വിരട്ടിയത്.
സ്ഫോടന ശബ്ദം കേട്ടതോടെ സമീപത്തെ പറമ്പിലിരുന്ന സുധീഷ് അപകടം തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇയാൾ ചെന്നുപെട്ടത് കാത്തുനിന്ന അക്രമികളുടെ മുന്നിലാണ്. ഇവിടെ നിന്ന് കുതറിയോടി ബന്ധുവീട്ടിൽ അഭയം പ്രാപിച്ച സുധീഷിനെ തേടി കൊലയാളിസംഘം ഓരോ വീടുകളും കയറിയിറങ്ങി പരിശോധിച്ചു. സുധീഷിനെ കണ്ടെത്തിയ സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയും രണ്ട് കാലുകളും വെട്ടിയെടുക്കുകയുമായിരുന്നു.
ഒന്നര മണിക്കൂറോളം രക്തം വാർന്ന് കിടന്ന ഇയാളെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തിന് പിന്നിൽ ഒട്ടകം രാജേഷും ഉണ്ണിയുമാണെന്ന് വഴിമദ്ധ്യേ ഇയാൾ മൊഴിനൽകി. ഈ വീഡിയോ പൊലീസ് റെക്കാഡ് ചെയ്തിരുന്നു. കൊലയ്ക്ക് മുമ്പ് മംഗലപുരം ഭാഗത്ത് നിന്നെത്തിയ പ്രതികൾ വാവറമ്പലം ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് 15 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ആക്രമണത്തിന് മുമ്പ് പരിശീലനം
മറ്റൊരു കേസിൽ പ്രതിയായി പൊലീസ് തെരയുന്ന സുധീഷിന്റ വിവരങ്ങൾ ഗുണ്ടാസംഘത്തിന് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വഷിക്കുന്നുണ്ട്. അക്രമണ ദിവസം പ്രതികൾ ഉൾപ്പെട്ട ഗുണ്ടാസംഘം മംഗലപുരത്തിനും കല്ലൂരിനും ഇടയിൽ ആളൊഴിഞ്ഞ പ്രദേശത്തെ പാലത്തിന് സമീപം കൊലപാതകത്തിനായുള്ള പരിശീലനം നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.