a

തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പല പദ്ധതികളിലും അപേക്ഷ പോലും സ്വീകരിക്കാതെയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്തിരിക്കുന്നത്. മറ്റ് ചില പദ്ധതികളിൽ പ്രാഥമികമായി ഹാജരാക്കേണ്ട രേഖകൾ പോലും സമർപ്പിച്ചിട്ടില്ല. എന്നിട്ടും ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് പല പദ്ധതികളുടെയും പേരിൽ വിതരണം ചെയ്തിരിക്കുന്നത്.

ഒരിക്കലും ഇവയൊന്നും ചില ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ സാധിക്കില്ല. തട്ടിപ്പിന് പിന്നിൽ ഒരു പ്രബല വിഭാഗം തന്നെയുണ്ടെന്നാണ് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത്. പല പദ്ധതികളിലും അപേക്ഷയിൽ നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്കല്ല തുക കൈമാറിയിരിക്കുന്നത്. അപേക്ഷകർ നൽകിയ പാസ് ബുക്കിന്റെ പകർപ്പുകളിൽ പേന കൊണ്ട് അക്കൗണ്ട് നമ്പർ തിരുത്തി അക്കൗണ്ട് നമ്പർ മാറ്റി പണം അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പദ്ധതികളുടെ നിർവഹണ സമയത്ത് വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നും തുക വകമാറ്റിയ പട്ടികജാതി വികസന ഓഫീസർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നുമാണ് ഓഡിറ്റ് വിഭാഗം റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്.

മിശ്രവിവാഹ ധനസഹായത്തിലും തട്ടിപ്പ്

മിശ്രവിവാഹ ധനസഹായത്തിന്റെ പേരിലാണ് 2020-2021 വർഷത്തിൽ അക്കൗണ്ട് നമ്പരില്ലാതെ പണം മാറ്റിയതായി കണ്ടെത്തിയത്. മിശ്ര വിവാഹിതരായ ദമ്പതിമാർക്ക് വിവാഹത്തെ തുടർന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുമായി 75,000 രൂപ വരെ ഗ്രാന്റായി നൽകുന്ന പദ്ധതിയാണിത്. ഇതിലാണ് ആറ് ഗുണഭോക്താക്കളുടെ പേരിൽ അക്കൗണ്ട് നമ്പരില്ലാതെ ആനുകൂല്യം നൽകിയതായി കണ്ടെത്തിയത്. അക്കൗണ്ട് നമ്പരിന്റെ സ്ഥാനത്ത് പൂജ്യം മാത്രമാണ് രേഖപെടുത്തിയിട്ടുളളത്. ഈ തുക എങ്ങനെ പിൻവലിച്ചുവെന്നത് ഇനി കണ്ടത്തേണ്ടിയിരിക്കുന്നു.

ചികിത്സാ സഹായത്തിൽ അപേക്ഷയും ഇല്ല

50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ചികിത്സ ധനസഹായം നൽകുന്ന പദ്ധതിയിലാണ് അപേക്ഷ ഇല്ലാതെയും പണം നൽകിയതായി കണ്ടെത്തിയിരിക്കുന്നത്. ഒരു അപേക്ഷയിൽ ഒന്നിൽ കൂടുതൽ തവണ ആനൂകൂല്യം നൽകിയെന്നും തെളിഞ്ഞു. 2018-19 ലാണ് അപേക്ഷയില്ലാതെ

79,9500 രൂപ ചികിത്സാ സഹായമായി നൽകിയത്.

നോക്കുകുത്തിയായി കാഷ്ബുക്ക്

2017 മുതൽ 2021 വരെ നഗരസഭയിലെ പട്ടികജാതി ഓഫീസിലുള്ള കാഷ് ബുക്ക് നോക്കുകുത്തിയായിരുന്നു. ഓരോ ദിവസത്തെയും പണമിടപാടുകൾ ബുക്കിൽ രേഖപ്പെടുത്തണമെന്ന് ചട്ടമുണ്ടായിട്ടും ഇത് പാലിക്കപ്പെട്ടിട്ടില്ല. എന്നാൽ ട്രഷറിയിൽ ബില്ല് പാസായ തീയതിക്കു മുമ്പുതന്നെ 13.3ലക്ഷം രൂപ പാസായതായി കാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

""തട്ടിപ്പുനടക്കുന്ന സാഹചര്യത്തിൽ നിരീക്ഷണസമിതി ശക്തിപ്പെടുത്തും. പുതിയ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കുകയാണ്. ഇതിനുശേഷം നടപടി സ്വീകരിക്കും. ന്യൂനതകൾ എന്താണെന്ന് പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട്, വയനാട് ജില്ലകളിലെ സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. ആരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായാലും നടപടിയെടുക്കും. ""

മന്ത്രി കെ. രാധാകൃഷ്ണൻ