പോത്തൻകോട്: സുധീഷിന്റെ കൊലപാതകത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ രഞ്ജിത്ത് അടക്കമുള്ള പ്രതികളിലേക്ക് വേഗത്തിലെത്താൻ അന്വേഷണസംഘത്തെ സഹായിച്ചത് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ പിന്നിൽ രേഖപ്പെടുത്തിയിരുന്ന മൊബൈൽ നമ്പരാണ്. പ്രതികൾ വന്നതും മടങ്ങുന്നതും സമീപത്തെ സി.സി. ടിവി കാമറകളിൽ പതിഞ്ഞിരുന്നു. ഇതിൽ നിന്നാണ് മൊബൈൽ നമ്പർ പൊലീസിന് ലഭിച്ചത്. തുടർന്ന് സൈബർ സെല്ലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് രഞ്ജിത്തിലേക്ക് എത്തിയത്.

ഈ മാസം 6ന് ആറ്റിങ്ങൽ മങ്ങാട്ടുമൂലയിൽ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള പ്രാഥമിക സൂചന. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ റൂറൽ എസ്.പി പി.കെ. മധുവിന്റെ നേതൃത്വത്തിൽ റൂറൽ പരിധിയിലെ ഭൂരിഭാഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും ഒട്ടകം രാജേഷ് ഉൾപ്പെടെയുള്ള പ്രതികളുടെ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. അതിനിടെ കൃത്യംനടന്ന വീടിന്റെ ഉടമയും കേസിലെ ദൃക്സാക്ഷിയും സുധീഷിന്റെ ബന്ധുവുമായ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ടുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സുധീഷിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.