തിരുവനന്തപുരം: പൂവാർ കാരക്കാട്ട് റിസോർട്ടിലെ ലഹരിപ്പാർട്ടിയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യുന്നതിനായുള്ള നോട്ടീസ് ഇന്നുമുതൽ നൽകും. ജില്ലയിൽ ഉള്ളവർക്കാണ് നോട്ടീസ് നൽകുന്നതെന്ന് പ്രത്യേക അന്വേഷണസംഘ തലവൻ അസിസ്റ്റന്റ് കമ്മിഷണർ വിനോദ്കുമാർ പറഞ്ഞു. പാർട്ടിയിൽ പങ്കെടുത്ത അന്യസംസ്ഥാനക്കാരെയും വിളിച്ചുവരുത്തും. പ്രതികളെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. ഇതിനുള്ള അപേക്ഷ ഇന്ന് നൽകുമെന്നും എ.സി വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം തെളിവെടുപ്പ് പൂർത്തിയാക്കി, മറ്റുള്ളവർക്കൊപ്പമിരുത്തി ചോദ്യം ചെയ്യും.