തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ട്രെയിനിറങ്ങിയ യാത്രക്കാരന്റെ പണം വ്യാജ നമ്പർപ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലെത്തിയ രണ്ടുപേർ കവർന്നു. ഇന്നലെ പുലർച്ചെ തലസ്ഥാനത്തെത്തിയ ബംഗളൂരു ഐലൻഡ് എക്‌സ്‌പ്രസിലെ യാത്രക്കാരൻ തച്ചോട്ടുകാവ് കൂത്തതോട്ട് മന്ത്രമൂർത്തി ക്ഷേത്രത്തിന് സമീപം ശ്രീകണ്ഠേശ്വര ഹൗസിൽ ബിജുവാണ് കവർച്ചയ്ക്കിരയായത്. മോഷ്ടാക്കളുടെ മർദ്ദനമേറ്റും പിടിവിലിക്കിടെ സമീപത്തെ മെറ്റലിൽ വീണും മുഖത്ത് പരിക്കേറ്റ ബിജു ആശുപത്രിയിൽ ചികിത്സതേടി.

കോഴിക്കോടുള്ള സുഹൃത്തിനെ കാണാൻ പോയശേഷം തിരികെ എത്തിയ ബിജു,​ പവർഹൗസ് റോഡ് ഓവർബ്രിഡ്‌ജിന് അടിയിൽ പാർക്ക് ചെയ്തിരുന്ന കാറെടുക്കാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പവർഹൗസ് റോഡിലൂടെ നടന്നുപോയ ബിജുവിനോട് അജന്ത തിയേറ്റർ റോഡിൽ നിന്നെത്തിയ രണ്ടുപേർ നെയ്യാറ്റിൻകരയിലേക്ക് പോകാനുള്ള വഴി ചോദിച്ചു. ഇതിനിടെയാണ് പുറകിൽ ഇരുന്നയാൾ ഇറങ്ങി കൈയിലുണ്ടായിരുന്ന ഡോക്യുമെന്റുകളും മറ്റും പിടിച്ചുപറിക്കാൻ ശ്രമിച്ചത്. പിടിവലിക്കിടെ ബിജു താഴെവീണു. ഇതോടെ മോഷ്ടാക്കൾ ബിജുവിനെ മർദ്ദിച്ചു. മർദ്ദനത്തിനിടെ കൈയിലുണ്ടായിരുന്ന 8000 രൂപ അപഹരിച്ച ഇവർ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും മറ്റ് സാധനങ്ങളും പിടിച്ചുപറിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

സംഭവം നടക്കുമ്പോൾ ഈ ഭാഗത്ത് ആരും ഉണ്ടായിരുന്നില്ല. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി ബിജു വിവരം പറഞ്ഞതോടെ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്തനായില്ല. ഈ ഭാഗത്തെ കാമറകൾ പ്രവർത്തിക്കാത്തതും പിടിച്ചുപറി സംഘത്തെ കണ്ടെത്താൻ തടസമായി. ബൈക്കിന്റെ നമ്പർ ഉപയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും അത് വ്യാജമാണെന്ന് തെളിഞ്ഞു. നഗരത്തിൽ സ്ഥിരം മോഷണവും പിടിച്ചുപറിയും നടത്തുന്ന സംഘമാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.